കോൾ നിലങ്ങൾ ജൈവവൈവിധ്യത്തിന്റെ കലവറ, കേരളത്തിന് പുതിയ നാല് പുൽച്ചാടികൾ കൂടി.
ഇരിങ്ങാലക്കുട: കേരളത്തിലെ കോൾ പാടങ്ങളിലെ കുഞ്ഞൻ പുൽച്ചാടികളെ (pygmy grasshoppers) പറ്റി നടത്തിയ പഠനത്തിൽ കേരളത്തിൽ നിന്നും നാല് പുതിയ പുൽച്ചാടികളെ റിപ്പോർട്ട് ചെയ്തു. തൃശ്ശൂർ, മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന, അന്താരാഷ്ട്ര പ്രാധാന്യമുള്ള, റംസാർ സൈറ്റുകൾ ആയി രേഖപ്പെടുത്തിയിട്ടുള്ള കോൾ പാടങ്ങൾ ദേശാടന പക്ഷികളുടെ പേരിലാണ് ശ്രദ്ധിക്കപ്പെടാറുള്ളതെങ്കിലും ഇത്തരം സൂക്ഷ്മ ഷഡ്പദങ്ങളുടെ നിലനിൽപ്പിനും അത്യന്താപേക്ഷികമാണ് എന്ന് ഈ പഠനം തെളിയിക്കുന്നു. ഈർപ്പമുള്ള പ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ കുഞ്ഞൻ പുൽച്ചാടികൾ പരിസ്ഥിതിയിലെ ചെറിയ മാറ്റങ്ങളോട് പോലും പ്രതികരിക്കുന്നതിനാൽ ഇത്തരം തണ്ണീർത്തടങ്ങളുടെ ആരോഗ്യനില അളക്കാനുള്ള ജൈവ സൂചകങ്ങളായി (biological indicators) ആയി ഇവയെ കണക്കാക്കാം.
ഷഡ്പദങ്ങളിലെ ഓർഡർ ഓർത്തോപ്റ്റീറയിലെ (Orthoptera) ടെട്രിജിഡേ (Tetrigidae) കുടുംബത്തിൽപ്പെട്ടവയാണ് ഇവ. മറ്റ് പുൽച്ചാടികളിൽ നിന്നും വ്യത്യസ്തമായി, കഴുത്തിന് മുകൾ ഭാഗത്തുനിന്നാരംഭിച്ച് ശരീരത്തിന്റെ ഏകദേശം അവസാനം വരെ നീണ്ടുനിൽക്കുന്ന കടുപ്പമേറിയ കവചം (Pronotum) ഇവയുടെ സവിശേഷതയാണ്. മണ്ണിലെ പായലുകളും (Algae), അ ഴുകിയ സസ്യഭാഗങ്ങളും (Detritus) ഭക്ഷണമാക്കുന്ന ഇവ തണ്ണീർത്തടങ്ങളിലെ പോഷക ചംക്രമണത്തിൽ (Nutrient cycling) സുപ്രധാന പങ്ക് വഹിക്കുന്നു.
ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻ്റമോളജി റിസർച്ച് ലാബിലെ (SERL) ഗവേഷകർ നടത്തിയ പഠനത്തിലാണ് കോൾ നിലങ്ങളിൽ നിന്നും പന്ത്രണ്ടോളം കുഞ്ഞൻ പുൽച്ചാടികളെ കണ്ടെത്തിയത്. ഇവയിൽ തൊറാഡോണ്ട സ്പിക്കുലോബ (Thoradonta spiculoba), ടെട്രിക്സ് ആർക്യുനോട്ടസ് (Tetrix arcunotus), ഹെഡോടെറ്റിക്സ് ലയ്നിഫെറ (Hedotettix lineifera), ഹെഡോടെറ്റിക്സ് അറ്റെന്യൂവേറ്റസ് (Hedotettix attenuatus) എന്നീ നാല് സ്പീഷിസുകൾ കേരളത്തിൽനിന്ന് ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. തൊറാഡോണ്ട (Thoradonta), ടെട്രിക്സ് (Tetrix) എന്നീ ജനുസുകളും സംസ്ഥാനത്തുനിന്ന് ആദ്യത്തെ റിപ്പോർട്ടുകൾ ആണ്.
ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷണ വിദ്യാർത്ഥിനിയായ തസ്‌നിം ഇ എസ്, ഗവേഷണ മേധാവിയും അസിസ്റ്റന്റ് പ്രൊഫസറും ആയ ഡോക്ടർ ബിജോയ് സി, ഐ യൂ സി എൻ, ഗ്രാസ് ഹോപ്പർ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ്, ഏഷ്യൻ വൈസ് ചെയർ, ഡോക്ടർ ധനീഷ് ഭാസ്കർ എന്നിവരാണ് ഈ പഠനത്തിന് പിന്നിൽ. യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷന്റെ (യൂജിസി) സാമ്പത്തിക സഹായത്തോടെ നടന്ന ഈ പഠനം അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ജേണൽ ഓഫ് ഓർത്തോപ്റ്റീറ റിസർച്ചിൽ ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.















