ഭാര്യയെ കാറിടിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ആളൂർ സ്വദേശി അറസ്റ്റിൽ
ഇരിങ്ങാലക്കുട : ആളൂർ പറമ്പിറോഡിന് അടുത്തുള്ള മുസ്ലിം പള്ളിക്ക് സമീപം വെച്ച് ടൂവിലറിൽ പോകുകയായിരുന്ന സ്ത്രീയെ കാറിടിപ്പിച്ച് വീഴ്ത്തിയ കേസിലെ പ്രതിയും ഭർത്താവുമായ ആളൂർ വെള്ളാഞ്ചിറ പാലപ്പെട്ടി ഉന്നതി സ്വദേശി വല്ലിയങ്കൽ വീട്ടിൽ ഡെനീഷ് (38 വയസ് ) അറസ്റ്റിൽ .2025 നവംബർ 11 ന് പകൽ ആയിരുന്നു സംഭവം.വെള്ളാഞ്ചിറ സ്വദേശിയായ ഭാര്യയുടെ സ്വർണ്ണം പ്രതി പണയം വെച്ചത് തിരികെ എടുത്ത് കൊടുക്കാത്തതിനെ സംബന്ധിച്ച് ഇവർ ആളൂർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിലുള്ള വൈരാഗ്യത്താലാണ് പ്രതി പരാതിക്കാരിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.ഡെനീഷ് ചാലക്കുടി പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും, മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസ്സിലും, അങ്കമാലി പോലീസ് സ്റ്റേഷൻ പരിധിയിൽ 2345 ലിറ്റർ സ്പിരിറ്റും 954 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവും സഹിതം അറസ്റ്റിലായ കേസ്സിലും അടക്കം നാല് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.ആളൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബി ഷാജിമോൻ, എസ് ഐ കെ ടി ബെന്നി, എസ് ഐ ജയകുമാർ, ജി എസ് സി പി ഒ രാഗേഷ്, സി പി ഒ മാരായ ഹരികൃഷ്ണൻ, ആഷിക്, വിശാഖ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുള്ളത്.















