ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ കുടിവെള്ള പ്രശ്നം; പുതിയ പദ്ധതിക്ക് രൂപം നൽകാൻ ഉന്നതതലയോഗം വിളിക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം
ഇരിങ്ങാലക്കുട : നഗരസഭ പരിധിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിന് പുതിയ പദ്ധതി ആവിഷ്ക്കരിക്കാൻ ഉന്നതതല യോഗം വിളിക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം. വിവിധ വാർഡുകളിൽ നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നതിനെ തുടർന്നാണിത്. ആയിരത്തിഅഞ്ഞൂറോളം കുടിവെള്ള കണക്ഷനുകൾ കൊടുത്തിട്ടുണ്ടെങ്കിലും വെള്ളം ഇല്ലാത്ത സാഹചര്യം തുടരുകയാണെന്ന് എൽഡിഎഫ് കൗൺസിലർ പി വി ശിവകുമാർ പറഞ്ഞു. മാർച്ച്, എപ്രിൽ മാസങ്ങളിൽ മാത്രമേ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാൻ അനുമതി ലഭിക്കാറുള്ളൂവെന്നും ഇതിന് മാറ്റം വരുത്തണമെന്നും വിഷയം പരിഹരിക്കണമെന്നും ബിജെപി കൗൺസിലർ ടി കെ ഷാജുവും കൊരുമ്പിശ്ശേരി മേഖലയിൽ വിഷയം രൂക്ഷമാണെന്ന് വാർഡ് കൗൺസിലർ ആര്യ സുമേഷും പറഞ്ഞു. കെഎസ്ടിപി റോഡ് നിർമ്മാണവും പൈപ്പ് പൊട്ടലുമാണ് വിഷയം സങ്കീർണ്ണമാക്കുന്നതെന്നും ഓരോ പ്രദേശത്തും വെള്ളം എത്തുന്ന വിവരം സംബന്ധിച്ച ഷെഡ്യൂൾ വാട്ടർ അതോറിറ്റി ലഭ്യമാക്കിയിട്ടുണ്ടെന്നും 1973 ൽ ആരംഭിച്ച പദ്ധതിക്ക് ശേഷം പുതിയ പദ്ധതികൾ ഉണ്ടായിട്ടില്ലെന്നും ഇതിൻ്റെ സാധ്യതകൾ തേടാൻ എംഎൽഎ,വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ തുടങ്ങിയവരുടെ ഉന്നതതല യോഗം വിളിക്കാമെന്നും ചെയർമാൻ മറുപടി നൽകി.
പട്ടണത്തിലെ തെരുവ് നായ ശല്യം വർധിച്ച് വരികയാണെന്നും അയ്യങ്കാവ് മൈതാനത്ത് ഫുട്ബോൾ കളി മുടങ്ങുന്ന സാഹചര്യം വരെ ഉണ്ടായെന്നും ഒരു മാസത്തിനുള്ളിൽ വിഷയം പരിഹരിക്കുമെന്നാണ് ചെയർമാൻ ചുമതലയേറ്റ വേളയിൽ പറഞ്ഞിരുന്നതെന്നും പി വി ശിവകുമാർ പറഞ്ഞു. ഷെൽട്ടർ ഉണ്ടാക്കണമെന്നതാണ് തൻ്റെ കാഴ്ചപ്പാടെന്നും എന്നാൽ ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് കൃത്യത വരേണ്ടതുണ്ടെന്നും ചെയർമാൻ പറഞ്ഞു. എന്നാൽ പല കോർപ്പറേഷനുകളിലും ഷെൽട്ടർ സംവിധാനം തുടങ്ങിക്കഴിഞ്ഞുവെന്നും കോടതി ഉത്തരവ് നോക്കിയിരുന്നാൽ കാര്യമില്ലെന്നും ടി കെ ഷാജുട്ടൻ പറഞ്ഞു.
ആസൂത്രണ സമിതി പുനസംഘടിപ്പിക്കാനും റിപ്പബ്ലിക് ദിനം റാലി അടക്കമുള്ള പരിപാടികളോടെ ആഘോഷിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു.















