ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി കെട്ടിട സമുച്ചയം സന്ദർശിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി കെട്ടിട സമുച്ചയം സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; ഇരിങ്ങാലക്കുടയ്ക്ക് ആവശ്യമുള്ളത് ഇരിങ്ങാലക്കുടയ്ക്കും തൃശ്ശൂരിന് ആവശ്യമുള്ളത് തൃശ്ശൂരിനും കിട്ടുമെന്നും രണ്ടാം സ്റ്റേഷൻ വാദത്തിൽ അർത്ഥമില്ലെന്നും അമൃത് ഭാരത് പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ “ഇരിങ്ങാലക്കുട വന്നിരിക്കു”മെന്നും ആവർത്തിച്ച് കേന്ദ്രമന്ത്രി

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയ്ക്ക് ആവശ്യമുള്ളത് ഇരിങ്ങാലക്കുടയ്ക്കും തൃശ്ശൂരിന് ആവശ്യമുള്ളത് തൃശ്ശൂരിനും കിട്ടുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി . ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയ കെട്ടിടം സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജില്ലയിൽ തൃശൂർ കഴിഞ്ഞാൽ രണ്ടാം സ്റ്റേഷൻ എന്ന് ഇരിങ്ങാലക്കുടയെ വിശേഷിപ്പിക്കുന്നതിനോട് യോജിപ്പില്ല. പ്രാദേശിക വികാരം സൃഷ്ടിക്കേണ്ടതിൻ്റെ ആവശ്യമില്ല. യാത്രക്കാരുടെയും വരുമാനത്തിൻ്റെയും കണക്കുകളും മറ്റും വിലയിരുത്തി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് ആവശ്യമുള്ളത് കൊണ്ട് വരും. അമൃത് ഭാരത് പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഇരിങ്ങാലക്കുട ” എന്തായാലും വന്നിരിക്കു ” മെന്ന് കേന്ദ്രമന്ത്രി ആവർത്തിച്ചു. ഹൈക്കോടതി കഴിഞ്ഞാൽ ഏറ്റവും വലിയ കോടതി സമുച്ചയം ഇരിങ്ങാലക്കുടയിലേത് എന്ന് പറയാൻ കഴിയില്ല. തിരുവനന്തപുരത്ത് ഇരിങ്ങാലക്കുടയെക്കാൾ വലിയ സമുച്ചയത്തിനുള്ള നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞതായി മന്ത്രി അറിയിച്ചു.

93.25 കോടി രൂപ ചിലവഴിച്ച് 168555 ചതുരശ്ര അടിയിൽ എഴ് നിലകളിലായി പത്ത് കോടതികളും അനുബന്ധ സൗകര്യങ്ങളുമുള്ള കോടതി സമുച്ചയമാണ് ഇരിങ്ങാലക്കുടയിൽ നിർമ്മാണത്തിൻ്റെ അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്നത്. വൈകീട്ട് നാല് മണിയോടെ എത്തിയ മന്ത്രിയെ ബാർ അസോസിയേഷൻ പ്രസിഡണ്ട് വി എസ് ലീയോ, സെക്രട്ടറി കെ ജെ ജോൺസൻ , അഭിഭാഷകർ, ക്ലർക്ക് അസോസിയേഷൻ ഭാരവാഹികൾ, ജീവനക്കാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.അര മണിക്കൂറോളം സമയം ചിലവഴിച്ചാണ് കേന്ദ്ര മന്ത്രി മടങ്ങിയത്.

Please follow and like us: