ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെൻ്റ്; ആദ്യ ജയം കേരള ബ്ലാസ്റ്റേഴ്സിന്
ഇരിങ്ങാലക്കുട : കായിക രംഗത്ത് ഇരിങ്ങാലക്കുടയെ അടയാളപ്പെടുത്തിയ ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ്റെ പേരിൽ നടത്തുന്ന സംസ്ഥാനതല ഇൻവിറ്റേഷൻ ഇൻ്റർക്ലബ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ആദ്യ ജയം കേരള ബ്ലാസ്റ്റേഴ്സിന് . അയ്യങ്കാവ് മൈതാനിയിലെ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മൽസരത്തിൽ ഒന്നിന് എതിരെ രണ്ട് ഗോളുകൾക്ക് കേരള യുണൈറ്റഡ് എഫ് സി യെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. ബ്ലാസ്റ്റേഴ്സിന് വേണ്ടി നിഷാൻ, വൈപ്പെ എന്നിവരും യുണൈറ്റഡ് എഫ് സിക്ക് വേണ്ടി അഭിരാമും ഗോളുകൾ നേടി
നേരത്തെ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് സി സുമേഷ്, മുൻ അന്താരാഷ്ട്ര ഫുട്ബോൾ താരം ജിജു ജേക്കബ്,ഒളിംപ്യൻ ക്ലബ് പ്രസിഡൻ്റ് എം കെ പ്രഹ്ളാദൻ , സെക്രട്ടറി എ വി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. നാളെ വൈകീട്ട് 6. 30 ന് നടക്കുന്ന മൽസരത്തിൽ കേരള പോലീസും കൊച്ചിൻ ലോർഡ്സ് എഫ്എ യും എറ്റുമുട്ടും.















