ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളുടെ നിർമ്മാണം; ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം വിളിക്കാൻ നഗരസഭാ യോഗത്തിൽ തീരുമാനം.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡ് നിർമ്മാണ പ്രവ്യത്തികളുടെ പൂർത്തീകരണം സംബന്ധിച്ച് എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെയും കരാറുകാരുടെയും യോഗം വിളിക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം. 2022- 23 മുതലുള്ള സ്പിൽ ഓവർ പ്രവൃത്തികൾ പൂർത്തീകരിക്കാൻ ഉണ്ടെന്നും വിവിധ പ്രവൃത്തികൾ സംബന്ധിച്ച കൃത്യത വരുത്തേണ്ടതുണ്ടെന്നും ഇത് സംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ചെയർമാൻ അറിയിച്ചു. പൊറത്തിശ്ശേരി മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകാത്ത സാഹചര്യമാണെന്ന് എൽഡിഎഫ് അംഗം സി സി ഷിബിനും റോഡ് വർക്കുകളുടെ ബില്ലുകൾ ലഭിക്കാനുള്ള കാലതാമസമാണ് കരാറുകാർ ചൂണ്ടിക്കാട്ടുന്നതെന്ന് ബിജെപി അംഗം ടി കെ ഷാജുട്ടനും കല്ലട വേലയ്ക്ക് മുമ്പായി റോഡ് നിർമ്മാണം പൂർത്തീകരിക്കണമെന്ന് എൽഡിഎഫ് അംഗം കെ ആർ ലേഖയും ആവശ്യപ്പെട്ടു. മാർച്ച് 31 ന് മുമ്പായി എല്ലാ പ്രവൃത്തികളും പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് ചെയർമാൻ മറുപടിയായി പറഞ്ഞു.
അയ്യങ്കാവ് മൈതാനം കാർഷിക വിപണന മേളയ്ക്കായി വാൻഗാർഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയ്ക്ക് പതിനഞ്ച് ദിവസത്തേക്ക് വാടകയ്ക്ക് നൽകി തീരുമാനത്തിൽ പ്രതിപക്ഷ അംഗങ്ങളിൽ നിന്നും വിയോജിപ്പ് ഉയർന്നു. മൈതാനം കളിസ്ഥലമായി തന്നെ നിലനിറുത്തണമെന്നും വാടക നിരക്കുകൾ ഉയർത്തണമെന്നും ടി കെ ഷാജുട്ടൻ ആവശ്യപ്പെട്ടു. കഴിഞ്ഞ കർക്കിടകക്കാലത്ത് നടത്തിയ പരിപാടിയെ തുടർന്ന് മൈതാനത്ത് കക്കൂസ് മാലിന്യങ്ങൾ നിക്ഷേപിച്ച സംഭവം പി വി ശിവകുമാറും ഓർമ്മപ്പെടുത്തി. വാടക നിരക്കുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്ന കാര്യം ആലോചിച്ച് തീരുമാനിക്കാമെന്ന് ചെയർമാൻ വ്യക്തമാക്കി.
ജനറൽ ആശുപത്രിയിലെ നാലാം നിലയിലെ സിവിൽ പ്രവൃത്തികളുടെ നിർമ്മാണത്തിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്നും 94.84 ലക്ഷം രൂപ ലഭിച്ചതായും തുക കരാറുകാരന് കൈമാറിക്കഴിഞ്ഞതായും രണ്ട് ആഴ്ചക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചതായി ചെയർമാൻ യോഗത്തിൽ അറിയിച്ചു. നിർമ്മാണ പ്രവൃത്തിക്ക് അനുമതി നൽകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു.















