എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില വിഷയം; കരട് ലിസ്റ്റിന് ജില്ലാതല കമ്മിറ്റിയുടെ അംഗീകാരം

എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില വിഷയം; കരട് ലിസ്റ്റിന് ജില്ലാതല സമിതി യോഗത്തിൻ്റെ അംഗീകാരം

തൃശ്ശൂർ : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില പുനർനിർണ്ണയിച്ച് കൊണ്ട് റവന്യൂ അധികൃതർ തയ്യാറാക്കിയ കരട് ലിസ്റ്റ് ജില്ലാതല സമിതി യോഗം അംഗീകരിച്ചു. നിലവിലുള്ള ന്യായവിലയുടെ 60 മുതൽ 85 ശതമാനം വരെ കുറവ് വരുത്തി നിലവിലെ മാർക്കറ്റ് വിലയുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് ന്യായവില പുനർനിർണയിച്ചിരിക്കുന്നത്. എടതിരിഞ്ഞി വില്ലേജിൽ 2010 ലെ ന്യായവില ന്യായവില വിജ്ഞാപന പ്രകാരം നിശ്ചയിച്ച ഭൂമിയുടെ ന്യായവില യഥാർത്ഥ മാർക്കറ്റ് വിലയേക്കാൾ വളരെ ഉയർന്നതാണെന്ന് വിമർശനം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ജില്ലാ കളക്ടർക്ക് ലഭിച്ചിരുന്നു. ന്യായവില പുനർനിർണ്ണയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് ഒട്ടേറെ സമരങ്ങളും നടന്നിരുന്നു. തുടർന്ന് ന്യായവില പുതുക്കി നിശ്ചയിക്കാൻ ഇരിങ്ങാലക്കുട ആർഡിഒ വിനെ ചുമതലപ്പെടുത്തി കഴിഞ്ഞ വർഷം ജൂലൈയിൽ ജില്ലാ കളക്ടർ ഉത്തരവ് ഇറക്കുകയായിരുന്നു. തുടർന്ന് നടന്ന നടപടികളിലാണ് ഇപ്പോൾ കരട് അംഗീകരിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. ജില്ലാ കമ്മിറ്റി അംഗീകരിച്ച വില ഉടൻ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തും. ആക്ഷേപം ഉള്ളവർക്ക് 60 ദിവസങ്ങൾക്കകം അപ്പീൽ നൽകാം. കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു. എഡിഎം ടി മുരളി, ഡെപ്യൂട്ടി കളക്ടർ എം സി ജ്യോതി, ആർഡിഒ , താലൂക്ക്, വില്ലേജ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: