പ്രാദേശിക വിജ്ഞാന പാരമ്പര്യങ്ങളെ കേന്ദ്രീകരിച്ച് സെൻ്റ് ജോസഫ്സ് കോളേജിൽ ദേശീയ സെമിനാർ ; ഭാരതത്തിൻ്റെ തനത് അറിവുകൾ കൃത്യമായി വിനിയോഗിക്കാൻ ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി നവീകരിക്കണമെന്ന് യുജിസി സെക്രട്ടറി പ്രൊഫ മനീഷ് ആർ ജോഷി
ഇരിങ്ങാലക്കുട : പുരാതന അറിവുകളെ കൂടി ഉൾക്കൊള്ളുന്ന തരത്തിൽ വിദ്യാഭ്യാസം മാറേണ്ടതുണ്ടെന്നും പുതിയ കാലത്തിൻ്റെ പ്രശ്നപരിഹാരങ്ങൾക്ക്
നമ്മുടെ തനത് അറിവുകൾ
ഉപകാരപ്രദമായി വിനിയോഗിക്കാൻ ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി നവീകരിക്കണമെന്നും യുജിസി സെക്രട്ടറി പ്രൊഫ മനീഷ് ആർ ജോഷി.
ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ “ഭാരതീയ ജ്ഞാന പരമ്പരകളിലെ തനത് അറിവുകളുടെ വീണ്ടെടുക്കലും സംരക്ഷണവും ” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിനദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് മാനേജർ സിസ്റ്റർ. ട്രീസ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെമിനാർ കോർഡിനേറ്റർ ഡോ. വി. എസ്. സുജിത ആമുഖ പ്രഭാഷണം നടത്തി. ഡോ. ഇ. റ്റി. യദു നാരായണൻ മൂസ് മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി സ്വാഗതവും ചെയർപേഴ്സൺ അഫ്ല സിമിൻ നന്ദിയും പറഞ്ഞു. സെമിനാറിൽ രാവിലെ വൈദ്യരത്നം ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഇ. റ്റി. യദു നാരായണ മൂസ് “അഷ്ടവൈദ്യ ആയുര്‍വേദ പാരമ്പര്യം” എന്ന വിഷയത്തിലും ഐഐടി ഹൈദരാബാദ് ഡിസൈൻ വിഭാഗം പ്രൊഫസർ പ്രൊഫ. ദീപക് ജെ. മാത്യു “ഇന്ത്യൻ പൈതൃകത്തിന്റെ ഡിജിറ്റൽ സംരക്ഷണം” എന്ന വിഷയത്തിലും പ്രഭാഷണങ്ങൾ നടത്തി.
ഉച്ചയ്ക്കു ശേഷം “തനത് അറിവുകളിലെ സയൻസിൻ്റെ പ്രായോഗികത” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഡോ. മായ എസ്. നായർ (കേരള ഫോക്‌ലോറിലെ പരമ്പരാഗത ഔഷധരീതികൾ), ഡോ. ഉണ്ണികൃഷ്ണൻ ടി. (ഗ്രഹസ്ഥാനങ്ങളിലൂടെ കാലാവസ്ഥ പ്രവചനം), ഡോ. സൂരജ് ആർ. എസ്. (സംസ്കൃത വെറ്ററിനറി തനത് ചികിത്സാരീതികൾ), സ്വദേശീയ വിജ്ഞാന ഗവേഷകൻ ശ്രീ. വി. എച്ച്. ദിറാർ (കേരളത്തിലെ പരമ്പരാഗത ലോഹവിദ്യ) എന്നിവർ വിഷയാവതരണം നടത്തി. ഡോ സന്ദീപ് ദാസ് മോഡറ്റേറായിരുന്നു. വൈകീട്ട് ശ്രീ നീലകണ്ഠ ഗവൺമെന്റ് സംസ്കൃത കോളേജ്, പാലക്കാട് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അരുണ്‍ മോഹൻ പി. “മധ്യകാല കേരളത്തിലെ വ്യാപാരവും വാണിജ്യവും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.















