ഇരിങ്ങാലക്കുട നഗരസഭ; സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങളുടെ കാര്യത്തിൽ ഭരണകക്ഷിയിൽ ധാരണ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിൽ വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരുടെ കാര്യത്തിൽ ഭരണകക്ഷിയായ യുഡിഎഫിൽ ധാരണ. നിലവിലെ ഭൂരിപക്ഷത്തിൻ്റെ അടിസ്ഥാനത്തിൽ എല്ലാ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങളും നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി ആദ്യ രണ്ട് വർഷത്തേക്ക് വാർഡ് 20 കൗൺസിലർ അഡ്വ വി സി വർഗ്ഗീസിനെയും തുടർന്ന് മൂന്ന് വർഷത്തേക്ക് ആറാം വാർഡ് കൗൺസിലർ ബൈജു കുറ്റിക്കാടനെയും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി ആദ്യ രണ്ട് വർഷത്തേക്ക് വാർഡ് 17 കൗൺസിലർ മിനി ജോസ് ചാക്കോളയെയും തുടർന്ന് മൂന്ന് വർഷത്തേക്ക് വാർഡ് 32 കൗൺസിലർ സുരഭി വിനോദിനെയും ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി ആദ്യ രണ്ട് വർഷത്തേക്ക് രണ്ടാം വാർഡ് കൗൺസിലർ ടി എ പോളിനെയും തുടർന്നുള്ള മൂന്ന് വർഷത്തേക്ക് വാർഡ് 16 കൗൺസിലർ എം എസ് ദാസനെയും പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി വാർഡ് 31 കൗൺസിലർ റോണി പോൾ മാവേലിയെയും തുടർന്നുള്ള മൂന്ന് വർഷത്തേക്ക് വാർഡ് 11 കൗൺസിലർ മഞ്ജു സജതിനെയും വിദ്യാഭ്യാസ കലാ കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി ആദ്യ രണ്ട് വർഷത്തേക്ക് വാർഡ് 25 കൗൺസിലർ പ്രവീൺസ് ഞാറ്റുവെട്ടിയെയും തുടർന്നുള്ള മൂന്ന് വർഷത്തേക്ക് വാർഡ് 18 കൗൺസിലർ ജോസഫ് ചാക്കോവിനെയും പരിഗണിക്കാനാണ് ഞായറാഴ്ച ചേർന്ന പാർലമെൻ്ററി പാർട്ടി യോഗത്തിൽ ധാരണ ആയിരിക്കുന്നത്. നഗരസഭ ചെയർമാൻ എം പി ജാക്സൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് അബ്ദുൾഹഖ് മാസ്റ്ററും പങ്കെടുത്തു. വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റികളിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും.















