മഴുവഞ്ചേരി തുരുത്തിൽ മാലിന്യങ്ങൾ നിക്ഷേപിച്ച സംഭവത്തിൽ എടവിലങ്ങ് സ്വദേശിയിൽ നിന്നും 25000 രൂപ പിഴ ഈടാക്കി പടിയൂർ പഞ്ചായത്ത് അധികൃതർ
ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിൽ വാർഡ് 9 ൽ മഴുവഞ്ചേരി തുരുത്തിൽ മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ കൊടുങ്ങല്ലൂർ എടവിലങ്ങ് മാവിൻകൂട്ടത്തിൽ മുകേഷിനെതിരെ നിയമനടപടികളുമായി പഞ്ചായത്ത് അധികൃതർ. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു സംഭവം. തുരുത്തിൽ ഒഴിഞ്ഞ് കിടക്കുന്ന മോഹനൻ എന്ന വ്യക്തിയുടെ പറമ്പിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തള്ളിയത്. പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും സഹായത്തോടെ കുറ്റക്കാരെ കണ്ടെത്തി പോലീസിൽ എൽപ്പിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് കെ പി കണ്ണൻ, വാർഡ് മെമ്പർമാരായ ബീന ജയിംസ്, ടി ഡി ദശോബ്, പ്രഭാത് വെള്ളാപ്പുള്ളി, സെക്രട്ടറി രജനി എ എസ്, ഹെൽത്ത് ഇൻസ്പെക്ടർ സോണിയ ടി ജോണി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ എടവിലങ്ങ് സ്വദേശി മുകേഷാണ് മാലിന്യങ്ങൾ നിക്ഷേപിച്ചതിൻ്റെ പുറകിലെന്നും കണ്ടെത്തുകയും 25000 രൂപ പിഴ ഈടാക്കുകയുമായിരുന്നു. കുറ്റക്കാരെ കൊണ്ട് തന്നെ പ്രദേശം വൃത്തിയാക്കിപ്പിച്ചിട്ടുമുണ്ട്. കുഴിയെടുത്താണ് ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിച്ചിരുന്നതെന്നും അധികൃതർ അറിയിച്ചു.















