സീനിയർ കോൺഗ്രസ് നേതാവ് എം പി ജാക്സൻ വീണ്ടും ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ സ്ഥാനത്ത്

സീനിയർ കോൺഗ്രസ്സ് നേതാവ് എം പി ജാക്സൻ വീണ്ടും നഗരസഭ ചെയർമാൻ സ്ഥാനത്ത് ; ഭരണത്തെ ഓർത്ത് തലകുനിക്കേണ്ട അവസ്ഥ ആർക്കും ഉണ്ടാക്കില്ലെന്നും കൗൺസിൽ രാഷ്ട്രീയവേദിയോ വാദപ്രതിവാദങ്ങൾക്കുള്ള ഇടമോ അല്ലെന്നും സുതാര്യവും അഴിമതി രഹിതവുമായ ഭരണം ഉറപ്പുവരുത്തുമെന്നും പ്രഖ്യാപനം.

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ചെയർമാനായി സീനിയർ കോൺഗ്രസ്സ് നേതാവും കെപിസിസി മുൻ സെക്രട്ടറിയുമായ എം പി ജാക്സനെ തിരഞ്ഞെടുത്തു. നഗരസഭ ഭരണസമിതിയിലേക്ക് വാർഡ് 22 ൽ നിന്നും മൽസരിച്ച് ജയിച്ച എം പി ജാക്സൻ മൂന്നാം വട്ടമാണ് ചെയർമാൻ കസേരയിലേക്ക് എത്തുന്നത്. കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ചെയർമാൻ സ്ഥാനത്തേക്ക് മൽസരിച്ച എം പി ജാക് സന് 24 ഉം എൽഡിഎഫിൽ നിന്നും മൽസരിച്ച പി വി ശിവകുമാറിന് 13 ഉം എൻഡിഎ സ്ഥാനാർഥിയായി മൽസരിച്ച ടി കെ ഷാജുട്ടന് 6 വോട്ടും ലഭിച്ചു. കൂടുതൽ വോട്ട് നേടിയ എം പി ജാക്സൻ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയും ഡെപ്യൂട്ടി ലേബർ കമ്മീഷണറുമായ വി പി യമുന പ്രഖ്യാപിച്ചു. നാടിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ അഭിനന്ദനങ്ങൾക്ക് ശേഷം എം പി ജാക്സൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഭരണത്തെ ഓർത്ത് തലകുനിക്കേണ്ട അവസ്ഥ ആർക്കും ഉണ്ടാക്കില്ലെന്ന് തുടർന്ന് നടത്തിയ പ്രസംഗത്തിൽ ചെയർമാൻ വ്യക്തമാക്കി. നാടിൻ്റെ വികസനവുമായി ബന്ധപ്പെട്ട് യുഡിഎഫ് തയ്യാറാക്കിയ മാനിഫെസ്റ്റോയും 43 കൗൺസിലർമാരുടെ വികസന സ്വപ്നങ്ങളും ചേർത്ത് ആക്ഷൻ പ്ലാൻ ഉണ്ടാക്കി സമയബന്ധിതമായി നടപ്പിലാക്കും. 2010 ൽ പൊറത്തിശ്ശേരി പഞ്ചായത്ത് നഗരസഭയുമായി കൂട്ടിച്ചേർത്തതിന് ശേഷം ഉയർന്ന പ്രതീക്ഷകൾ സാധിക്കാതെ പോയിട്ടുണ്ടോ എന്ന് സ്വയം വിമർശനപരമായി വിലയിരുത്തേണ്ടതുണ്ട്. നിർമ്മിത ബുദ്ധിയുടെ വഴിയിലൂടെ സഞ്ചരിക്കുന്ന പുതിയ തലമുറയുടെ ആഗ്രഹങ്ങൾ നിറവേറ്റേണ്ടതായിട്ടുണ്ട്. റോഡുകളുടെ അവസ്ഥ മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. കൗൺസിൽ ഒരു രാഷ്ടീയ വേദിയല്ല. വാദപ്രതിവാദങ്ങൾക്കുള്ള ഇടവുമല്ലെന്ന് നമ്മൾ തിരിച്ചറിയണം. സുതാര്യവും അഴിമതിരഹിതവുമായ ഭരണം ഉറപ്പു വരുത്താനും സാമൂഹ്യ ജീവിതം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാനും ആത്മാർത്ഥമായ ശ്രമങ്ങൾ ഉണ്ടാകുമെന്ന് ചെയർമാൻ വ്യക്തമാക്കി. 1969 ൽ കെഎസ്‌യു ക്രൈസ്റ്റ് കോളേജ് യൂണിറ്റ് സെക്രട്ടറി ആയി രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കമിട്ട എം പി ജാക്സൻ 1972 ൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും 2002 ൽ ഡിസിസി സെക്രട്ടറിയും 2012 ൽ കെപിസിസി സെക്രട്ടറിയുമായി . 1990 ൽ ജില്ലാ കൗൺസിൽ മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടു.ഐടിയു ബാങ്ക് ചെയർമാനായി ദീർഘകാലം പ്രവർത്തിച്ചു. നിലവിൽ കെഎസ്ഇ മാനേജിംഗ് ഡയറക്ടർ, ഇരിങ്ങാലക്കുട സഹകരണ ആശുപത്രി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക്കിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം തിരഞ്ഞെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിച്ചു. വൈസ്- ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന് 2.30 ന് കൗൺസിൽ ഹാളിൽ നടക്കും

Please follow and like us: