ടി ജി ശങ്കരനാരായണൻ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി ടി ജി ശങ്കരനാരായണനെ എതിരില്ലാതെ തിരഞ്ഞെടുത്തു. രാവിലെ ബ്ലോക്ക് ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ കാട്ടൂർ ഡിവിഷൻ ( നമ്പർ 14 ) മെമ്പർ എം ബി പവിത്രനാണ് പാറേക്കാട്ടുകര ഡിവിഷൻ നമ്പർ എഴിൽ നിന്നുള്ള ടി ജി ശങ്കരനാരായണനെ നിർദ്ദേശിച്ചത്. തൊട്ടിപ്പാൾ നമ്പർ മൂന്ന് ഡിവിഷനിൽ നിന്നുള്ള നിമിഷ ശ്രീനിവാസൻ പിന്താങ്ങി. മൽസരമില്ലാത്ത സാഹചര്യത്തിൽ ടി ജി ശങ്കരനാരായണൻ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി ജെഫ്ഹർ സാദിഖ് പ്രഖ്യാപിച്ചു. രണ്ടാം തവണയാണ് ടി ജി ശങ്കര നാരായണൻ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുന്നത്. സിപിഎം എരിയ കമ്മിറ്റി അംഗം, മുരിയാട് ഗ്രാമപഞ്ചായത്ത് മെമ്പർ, ജില്ലാ പഞ്ചായത്ത് അംഗം, കർഷക സംഘം എക്സിക്യൂട്ടീവ് അംഗം, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിലെ മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, മികച്ച അംഗം എന്നീ അവാർഡുകൾ നേരത്തെ നേടിയിട്ടുണ്ട്. 14 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് 11 ഉം യുഡിഎഫിന് രണ്ടും എൻഡിഎ യ്ക്ക് ഒരു അംഗവുമാണുള്ളത്. യുഡിഎഫ്, എൻഡിഎ അംഗങ്ങൾ യോഗത്തിന് എത്തിയില്ല. മുൻ എം എൽ എ പ്രൊഫ കെ യു അരുണൻ, മുൻ ബ്ലോക്ക് പ്രസിഡണ്ടുമാരായ വി എ മനോജ്കുമാർ, ലളിത ബാലൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗം എൻ കെ ഉദയപ്രകാശ് തുടങ്ങിയവർ സ്ഥാനമേറ്റ ബ്ലോക്ക് പ്രസിഡണ്ടിനെ അഭിനന്ദിച്ചു.















