ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കില്ലെന്നും സർക്കാർ വിശ്വാസികളുടെ കൂടെയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ
ഇരിങ്ങാലക്കുട : ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ സർക്കാറോ പാർട്ടിയോ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ശബരിമല ശാസ്താവിൻ്റെ ഒരു തരി സ്വർണ്ണം പോലും നഷ്ടപ്പെടാതെ തിരിച്ച് പിടിക്കുമെന്നും സർക്കാർ വിശ്വാസികളോടൊപ്പമാണെന്നും സിപിഎം നേതാവ് പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ മണ്ഡലം അസി. സെക്രട്ടറി അഡ്വ പി ജെ ജോബി അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ ഡോ ആർ ബിന്ദു പ്രകടനപത്രിക സമർപ്പിച്ചു. സി പി ഐ ജില്ല സെക്രട്ടറി കെ ജി ശിവാനന്ദൻ, മുന്നണി നേതാക്കളായ ടി കെ വർഗീസ്, രാജു പാലത്തിങ്കൽ, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ഗിരിഷ് മണപെട്ടി, റഷീദ് കാട്ടൂർ, പി മണി, കെ ശ്രീകുമാർ, സി പി ഐ എം ജില്ലക്കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ ആർ വിജയ, വി എ മനോജ്കുമാർ, ആർഎൽ ശ്രീലാൽ എന്നിവർ സംസാരിച്ചു.















