ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; നമ്പ്യാങ്കാവ് വാർഡിൽ പരിചയസമ്പന്നരുടെ മൽസരം

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; നമ്പ്യാങ്കാവ് വാർഡിൽ പരിചയ സമ്പന്നരുടെ മൽസരം ; വികസനത്തിലും കുടിവെള്ളത്തിലും റോഡുകളിലും നിറഞ്ഞ് പ്രചരണരംഗം

ഇരിങ്ങാലക്കുട : ക്ഷേത്രങ്ങളും പാടങ്ങളുമൊക്കെയായി ഗ്രാമീണ അന്തരീക്ഷമുള്ള വാർഡാണ് എട്ടാം നമ്പർ നമ്പ്യാങ്കാവ് വാർഡ് . മുരിയാട് പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന വാർഡ് കൂടിയാണിത്. ദീർഘകാലത്തെ യുഡിഎഫ് മേധാവിത്വത്തിന് ശേഷം 2015 ൽ വാർഡിൽ താമര വിരിഞ്ഞു. 2020 ലും ബിജെപി വിജയം ആവർത്തിച്ചു.

നിലവിലെ വാർഡ് കൗൺസിലറും ബിജെപി പ്രതിനിധിയുമായ സരിത സുഭാഷിൻ്റെ ഭർത്താവും ബൂത്ത് കമ്മിറ്റി പ്രസിഡണ്ട്, നമ്പ്യാങ്കാവ് ക്ഷേത്ര കമ്മിറ്റി അംഗം, സേവാഭാരതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുമുള്ള കെ വി സുഭാഷിനെയാണ് വാർഡ് നിലനിറുത്താൻ ബിജെപി നിയോഗിച്ചിട്ടുള്ളത്. പിഎംഎവൈ പദ്ധതിയിൽ 14 വീടുകളുടെ നിർമ്മാണം, വിവിധ റോഡുകളുടെ ടാറിംഗ്, കാനകളുടെ നിർമ്മാണം, അംഗൻവാടി നവീകരണം, അംബേദ്കർ സാംസ്കാരിക നിലയത്തിൻ്റെ അറ്റകുറ്റപ്പണികൾ, അഞ്ച് കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ , അമൃത് പദ്ധതിയിൽ നൂറോളം കുടിവെള്ള കണക്ഷൻ തുടങ്ങി കഴിഞ്ഞ അഞ്ച് വർഷക്കാലം നടത്തിയ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനാർഥി വോട്ടർമാരെ സമീപിക്കുന്നത്.

പത്ത് വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട വാർഡ് വീണ്ടെടുക്കാൻ നവാഗതനായ സിജോ ലോനപ്പനെയാണ് യുഡിഎഫ് അവതരിപ്പിക്കുന്നത്. വാർഡിലെ കുടിവെള്ളക്ഷാമത്തിന് ഇത് വരെ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെന്നും പണം നൽകി വെള്ളം വാങ്ങിക്കേണ്ട സാഹചര്യമാണെന്നും നമ്പ്യാങ്കാവ് റോഡ് ഉൾപ്പെടെ മോശം അവസ്ഥയിലാണെന്നും കാർഷിക മേഖലയ്ക്ക് പ്രാധാന്യമുള്ള വാർഡിൽ കർഷകർക്കായി പദ്ധതികൾ ഇല്ലെന്നും യുഡിഎഫ് സ്ഥാനാർഥി ചൂണ്ടിക്കാണിക്കുന്നു.

2015- 20, 2020 – 2025 കാലഘട്ടങ്ങളിൽ തളിയക്കോണം, മഹാത്മാ സ്കൂൾ വാർഡുകളെ പ്രതിനിധീകരിക്കുകയും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം വഹിക്കുകയും ചെയ്ത സി സി ഷിബിനെയാണ് നമ്പ്യാങ്കാവ് വാർഡ് പിടിച്ചെടുക്കാൻ എൽഡിഎഫ് നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ പ്രതിനിധീകരിച്ച വാർഡിൽ നടത്തിയ രണ്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടുന്ന സ്ഥാനാർഥി നമ്പ്യാങ്കാവ് വാർഡിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പ്രഥമ പരിഗണന നൽകുമെന്നും ഇത്തിക്കുളം ഉൾപ്പെടെയുള്ള റോഡുകൾ പുനർനിർമ്മിക്കുമെന്നും കൃഷിക്കാരുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും വോട്ടർമാർക്ക് ഉറപ്പ് നൽകുന്നുണ്ട്.

2015- 20 കാലഘട്ടത്തിൽ വാർഡിനെ പ്രതിനിധീകരിച്ച രമേഷ് വാര്യർ വാർഡിൽ സ്വതന്ത്ര്യ സ്ഥാനാർഥിയായി രംഗത്തുണ്ട്. 2015 ൽ നടപ്പിലാക്കിയ വികസന പദ്ധതികൾ ചൂണ്ടിക്കാട്ടി മൽസരിക്കുന്ന സ്ഥാനാർഥി കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്നും വാർഡിൽ കൗൺസിലറുടെ ഓഫീസ് ആരംഭിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.

ഹോമിയോ ഡിസ്പെൻസറി, അംഗൻവാടി, നമ്പ്യാങ്കാവ് ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ, കുഴിക്കാട്ടുക്കോണം വിമലമാതാ പള്ളി, ഹോളി ഫാമിലി എൽപി സ്കൂൾ എന്നിവ ഉൾപ്പെടുന്ന വാർഡിൽ 1600 ഓളം വോട്ടർമാരുണ്ട്. വാർഡിലെ സ്വാധീനം നിലനിറുത്താനും പിടിച്ചെടുക്കാനുമുള്ള തീവ്രമായ ശ്രമങ്ങളിലാണ് സ്ഥാനാർഥികൾ.

Please follow and like us: