ഇരിങ്ങാലക്കുട നഗരസഭ; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് യുഡിഎഫ്; 30 സീറ്റോടെ അധികാരം പിടിച്ചെടുക്കുമെന്ന് എൽഡിഎഫ്; 31 സീറ്റ് നേടി ഇരിങ്ങാലക്കുട നഗരസഭ ഭരിക്കുമെന്ന് എൻഡിഎ ; തിരഞ്ഞെടുപ്പ് സംവാദത്തിൽ ഉയർന്നത് നഗരസഭ റോഡുകളും ടേക്ക് എ ബ്രേക്ക് ഉൾപ്പെടെയുള്ള പദ്ധതികളും കരുവന്നൂർ , ഐടിയു ബാങ്കുകളും ഉൾപ്പെടെയുള്ള വിഷയങ്ങൾ.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് യുഡിഎഫ് . 30 സീറ്റ് നേടി നഗരസഭ ഭരണം പിടിച്ചെടുക്കുമെന്ന് എൽഡിഎഫ് . 31 സീറ്റോടെ ഇരിങ്ങാലക്കുട നഗരസഭയിൽ അധികാരത്തിൽ വരുമെന്ന് എൻഡിഎ .തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദ പരിപാടിയിൽ പങ്കെടുത്തു കൊണ്ടാണ് മുന്നണി നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ പഞ്ചായത്തുകൾ വികസനകാര്യങ്ങൾ മുന്നേറിയപ്പോൾ കാൽ നൂറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന നഗരസഭ കെടുകാര്യസ്ഥതയുടെ പ്രതീകമായി മാറിയെന്നും കസേര മാറ്റമല്ലാതെ ഒന്നും നടക്കുന്നില്ലെന്നും എൽഡിഎഫ് നേതാക്കളായ വി എ മനോജ്കുമാർ, അഡ്വ പി ജെ ജോബി എന്നിവർ സംവാദത്തിന് തുടക്കമിട്ട് ചൂണ്ടിക്കാട്ടി. പ്ലാൻ ഫണ്ടായി സർക്കാർ നൽകിയ 140 കോടി രൂപ എന്ത് ചെയ്തുവെന്ന് പറയാനോ ഒരു പ്രോഗ്രസ്സ് റിപ്പോർട്ട് അവതരിപ്പിക്കാനോ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. ഐക്യവും ജനാധിപത്യവുമില്ലാത്ത മുന്നണിയായി യുഡിഎഫ് മാറിയെന്ന് ഘടകകക്ഷിയായ കേരള കോൺഗ്രസിന് നൽകിയ സീറ്റുകളിൽ കോൺഗ്രസ് പ്രവർത്തകർ മൽസരിക്കുന്നത് തെളിവാണ്. സർക്കാർ ആശുപത്രിയിൽ നാലാം നില നിർമ്മിക്കാൻ ഒരു കോടി രൂപ നൽകിയെന്ന് പച്ചക്കള്ളം പറയുന്ന കേന്ദ്രമന്ത്രിയാണ് ഇവിടെ ഉള്ളത്. ടേക്ക് എ ബ്രേക്ക് അടക്കം നഗരസഭയുടെ വിവിധ പദ്ധതികൾ പരാജയപ്പെട്ടു. കരുവന്നൂരിലേക്ക് പദയാത്ര നടത്തിയ സുരേഷ് ഗോപി എന്ത് കൊണ്ട് ഐടിയു ബാങ്കിലേക്ക് സമരവുമായി വരുന്നില്ലെന്നും കോൺഗ്രസ് നേതാക്കൾ മൽസരിക്കുന്ന വാർഡുകളിൽ ബിജെപി പ്രവർത്തകർ നിഷ്ക്രിയമാണെന്നും ഉണ്ണിയാടന് സ്വന്തം സ്ഥാനാർഥികളുടെ വീടുകളിൽ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥയാണെന്നും സ്വന്തം മുന്നണിയെ തന്നെ കോൺഗ്രസ് വഞ്ചിക്കുകയാണെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
ഫണ്ടുകൾ നൽകാതെയും വെട്ടിക്കുറച്ചും തദ്ദേശസ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് സർക്കാർ തടസ്സം സൃഷ്ടിച്ചതായി മറുപടി പറഞ്ഞ് കൊണ്ട് യുഡിഎഫ് നേതാക്കളായ എം പി ജാക്സൻ, സി എസ് അബ്ദുൾ ഹഖ് എന്നിവർ പറഞ്ഞു. കോടിക്കണക്കിന് രൂപയാണ് കരാറുകാർക്ക് നൽകാനുള്ളത്. പൊതുമരാമത്ത് വകുപ്പിനെ കിഫ്ബിയും കെഎസ്ടിപി യുമാക്കി മാറ്റി. വ്യക്തമായ ഭൂരിപക്ഷത്തിൻ്റെ അഭാവത്തിൽ സുസ്ഥിര ഭരണത്തിൻ്റെ അഭാവം കഴിഞ്ഞ പത്ത് വർഷങ്ങളായി നഗരസഭയിൽ ഉണ്ട്. കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡുകൾ പൊളിച്ചതും കെഎസ്ടിപി റോഡ് നിർമ്മാണത്തിൻ്റെയും ദേശീയപാതയിലെ നിർമ്മാണ പ്രവർത്തനങ്ങളുടെയും പേരിൽ ഭാരവാഹനങ്ങൾ ഇരിങ്ങാലക്കുടയിലെ വിവിധ റോഡുകളെ ആശ്രയിച്ചതും പട്ടണത്തിലെ റോഡുകളുടെ തകർച്ചയ്ക്ക് കാരണമായി. കെഎസ്ടിപി യുടെ റോഡ് നിർമ്മാണം നാല് വർഷം നീണ്ട് പോയതിന് നഗരസഭ അല്ല കുറ്റക്കാർ. റോഡുകൾ പുനർനിർമ്മിക്കാനുള്ള തീരുമാനത്തെ പ്രതിപക്ഷം എതിർത്ത് പരാജയപ്പെടുത്തുകയായിരുന്നു. ആർബിഐ നിയന്ത്രണം വരുന്നത് വരെ ഐടിയു ബാങ്കിൽ ഒരു നിക്ഷേപകനും പണം ലഭിക്കാതിരുന്നിട്ടില്ല. 19 എടിഎമ്മുകളും സുഗമമായി പ്രവർത്തിച്ചിരുന്നു. കരുവന്നൂർ ബാങ്കിലെ പോലെ ഐടിയു ബാങ്കിന് മുന്നിൽ ഇരകളെ കിട്ടാത്തതാണ് പലരുടെയും പ്രശ്നം. ആർബിഐ നിയന്ത്രണം വേണ്ടി വന്നാൽ പിൻവലിപ്പിക്കാൻ കഴിയും. ഡിസംബർ 13 ന് ഉച്ചയോടെ എല്ലാ കാര്യങ്ങളും വ്യക്തമാകുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
മാറി മാറി ഭരിച്ചും പരസ്പരം പഴി ചാരിയും കേരളത്തിൻ്റെ വികസനത്തെ ഇടത്- മുന്നണികൾ ഇല്ലാതാക്കിയെന്ന് എൻഡിഎ നേതാക്കളായ ടി കെ ഷാജുട്ടൻ, ഷൈജു കുറ്റിക്കാട്ട് എന്നിവർ വിമർശിച്ചു. കേന്ദ്ര പദ്ധതികൾ കൊണ്ട് നടപ്പിലാക്കിയ നേട്ടങ്ങൾ മാത്രമാണ് പഞ്ചായത്തുകൾക്ക് അവകാശപ്പെടാൻ കഴിയൂ. കഴിഞ്ഞ പത്ത് വർഷമായി നഗരസഭയിൽ സ്റ്റീയറിംഗ് കമ്മിറ്റി ഭരണമാണ് നടക്കുന്നത്. എൽഡിഎഫ്, യുഡിഎഫ് പ്രതിനിധികളാണ് കഴിഞ്ഞ പത്ത് വർഷം പൊതുമരാമത്ത് കമ്മിറ്റി ചെയർമാൻ സ്ഥാനം വഹിച്ചത്. ടേക്ക് എ ബ്രേക്ക് അടക്കം തുടങ്ങി വച്ച പദ്ധതികൾ എല്ലാം പരാജയപ്പെട്ടു. അറവുശാല , ഫിഷ് മാർക്കറ്റ്, ക്രിമിറ്റോറിയം എന്നീ പദ്ധതികളും എവിടെയും എത്തിയിട്ടില്ല. ടൗൺ ഹാൾ കോപ്ലക്സ് നിർമ്മാണത്തിൻ്റെ പേരിൽ ഈവനിംഗ് മാർക്കറ്റ് അടച്ച് പൂട്ടി. സഹകരണ കൊള്ളയിൽ ഇടത്- വലതുപക്ഷങ്ങൾ ഒറ്റക്കെട്ടാണെന്ന് കരുവന്നൂർ ബാങ്ക്, ഐടിയു എന്നിവ തെളിയിക്കുന്നുണ്ട്. ബിജെപി ക്ക് പ്രസക്തി ഇല്ലെന്ന് പറഞ്ഞവർ കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ഘട്ടത്തിലും ഇത് തന്നെ പറഞ്ഞിരുന്നവരാണ്. ശബരിമല സ്വർണ്ണക്കൊള്ളയും കരുവന്നൂർ ബാങ്കുമൊക്കെ തിരഞ്ഞെടുപ്പിൽ സജീവ വിഷയങ്ങളാണെന്നും തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട നഗരസഭകളിൽ എൻഡിഎ അധികാരത്തിൽ വരുമെന്നും ഇരുവരും പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡണ്ട് ഷോബി കെ പോൾ സ്വാഗതവും സെക്രട്ടറി അഞ്ജുമോൻ വെള്ളാനിക്കാരൻ നന്ദിയും പറഞ്ഞു. സീനിയർ അംഗം വി ആർ സുകുമാരൻ ചർച്ചകൾ നിയന്ത്രിച്ചു.















