ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; ആയുർവേദ വാർഡിൽ വനിതകളുടെ ശക്തമായ പോരാട്ടം

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്;ആയുർവേദ ആശുപത്രി വാർഡിൽ ഉയരുന്നത് കാരുകുളങ്ങര ക്ഷേത്ര കുള സംരക്ഷണവും വിവിധ റോഡുകളിലെ വെള്ളക്കെട്ടും ഉൾപ്പെടെയുള്ള വിഷയങ്ങൾ.

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ വാർഡുകളുടെ എണ്ണം 41 ൽ നിന്നും 43 ആയി വർധിച്ചപ്പോൾ രൂപമെടുത്ത വാർഡാണ് 30-നമ്പർ ആയുർവേദ ആശുപത്രി വാർഡ് . ബസ് സ്റ്റാൻ്റ്, കാരുകുളങ്ങര, കൂടൽമാണിക്യം, സിവിൽ സ്റ്റേഷൻ വാർഡുകളിൽ നിന്നുള്ള ഭാഗങ്ങളാണ് പുതിയ വാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആയുർവേദ ആശുപത്രിക്ക് പുറമേ പിഡബ്ല്യു റെസ്റ്റ് ഹൗസ് , നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ , ശാന്തിനികേതൻ സ്കൂൾ, കാരുകുളങ്ങര, പുറ്റുങ്ങൽ ക്ഷേത്രങ്ങൾ, മൈനർ സെമിനാരി എന്നിവ പുതിയ വാർഡിലാണ് ഉൾപ്പെടുന്നത്. ആയുർവേദ ആശുപത്രി വനിത സംവരണ വാർഡിൻ്റെ ആദ്യ പ്രതിനിധിയാകാൻ മൂന്ന് പേരാണ് രംഗത്തുള്ളത്.

വാർത്ത അവതാരക, ഷിവൽറി ക്ലബ് വനിതാ വിഭാഗം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലിൻസി ബാബുവിനെയാണ് സ്ഥാനാർഥിയായി എൽഡിഎഫ് കണ്ടെത്തിയിട്ടുള്ളത്. പുറ്റുങ്ങൽ , മൈനർ സെമിനാരി റോഡുകളിലെ വെള്ളക്കെട്ട് പരിഹരിക്കാനും കാരുകുളങ്ങര ക്ഷേത്രകുള സംരക്ഷണത്തിനും വയോജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും പ്രഥമ പരിഗണന നൽകുമെന്ന് സ്ഥാനാർഥി ഉറപ്പിച്ച് പറയുന്നുണ്ട്.

എഴുത്തുകാരിയായ ശ്രീലക്ഷ്മി മനോജാണ് യുഡിഎഫ് സ്ഥാനാർഥി. കാരുകുളങ്ങര കുള സംരക്ഷണം, വിവിധ റോഡുകളിലെ വെള്ളക്കെട്ടിന് പരിഹാരം കാണൽ, ജൂഡീഷ്യൽ ക്വാർട്ടേഴേ്സിനോടനുബന്ധിച്ച് പാർക്ക് , വയോജന കേന്ദ്രം എന്നിവ സ്ഥാപിക്കൽ എന്നിവ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രവർത്തന അജണ്ടയിലുണ്ട്.

ബിജെപി മണ്ഡലം സെക്രട്ടറി, മഹിള മോർച്ച മണ്ഡലം പ്രസിഡൻ്റ്, എസ്എൻഡിപി കാരുകുളങ്ങര വനിതാ വിഭാഗം സെക്രട്ടറി തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുള്ള ലീന ഗിരീഷിനെയാണ് സ്ഥാനാർഥിയായി ബിജെപി അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്ര പദ്ധതികൾ വീട്ടുപടിക്കൽ എത്തിക്കുമെന്നും അമ്യത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി കാരുകുളങ്ങര ക്ഷേത്രകുളം സംരക്ഷിക്കുമെന്നും ശാന്തി നഗറിലെ വെള്ളക്കെട്ടിന് പരിഹാരം കാണുമെന്നും ലീന ഗിരീഷ് വോട്ടർമാരുടെ മുമ്പിൽ ഉറപ്പിച്ച് പറയുന്നുണ്ട്.

സജീവമായ പ്രചരണപ്രവർത്തനങ്ങളിലാണ് മൂന്ന് പേരും. 1150 ഓളം വോട്ടർമാരാണ് ആയുർവേദ ആശുപത്രി വാർഡിൽ ഉള്ളത്.

Please follow and like us: