ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; മാടായിക്കോണം വാർഡിൽ ത്രികോണ മത്സരം ; ലിഫ്റ്റ് ഇറിഗേഷൻ , ടൂറിസം പദ്ധതികൾ മുന്നോട്ട് വച്ച് സ്ഥാനാർഥികൾ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിന് വേദിയാകുന്ന വാർഡുകളിലൊന്നാണ് വാർഡ് നമ്പർ 7 മാടായിക്കേണം വാർഡ് . കഴിഞ്ഞ പതിനഞ്ച് വർഷമായി ഇടതുപക്ഷ പ്രതിനിധിയാണ് നഗരസഭയിൽ വാർഡിനെ പ്രതിനിധീകരിച്ചിട്ടുള്ളത്.
കോൺഗ്രസ് പ്രവർത്തകയായ വിനിത പള്ളിപ്പുറത്തിനെയാണ് വാർഡ് പിടിച്ചെടുക്കാൻ യുഡിഎഫ് നിയോഗിച്ചിട്ടുള്ളത്. ജനിച്ച് വളർന്ന വാർഡിനെ പുരോഗതിയിലേക്ക് നയിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പോടെയാണ് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി കൂടിയായ വിനിത പള്ളിപ്പുറത്ത് വോട്ടർമാരെ സമീപിക്കുന്നത്.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ആർ എൽ ശ്രീലാലിനെയാണ് വാർഡ് നിലനിറുത്താൻ എൽഡിഎഫ് നിയോഗിച്ചിട്ടുള്ളത്. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡൻ്റ്, യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ശ്രീലാൽ നിലവിൽ കരുവന്നൂർ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ വികസന രംഗത്ത് മുന്നേറിയപ്പോൾ ഇരിങ്ങാലക്കുട നഗരസഭ എറെ പുറകിലായെന്നും തിരഞെടുക്കപ്പെട്ടാൽ വാർഡിൽ എംഎൽഎ ഫണ്ട്, നഗരസഭ പ്ലാൻ ഫണ്ട് എന്നിവ വിനിയോഗിച്ച് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും ആനാട്ടുകടവിൽ ടൂറിസം പദ്ധതിയും കൊണ്ട് വരുമെന്ന് പ്രചരണവേദികളിൽ എൽഡിഎഫ് സ്ഥാനാർഥി വ്യക്തമാക്കുന്നു.
2010- 15, 2020- 25 കാലയളവുകളിൽ നഗരസഭ കൗൺസിലറായും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ച ബിജെപി മണ്ഡലം സെക്രട്ടറി ടി കെ ഷാജുട്ടനെയാണ് വാർഡിൻ്റെ പ്രതിനിധിയാകാൻ എൻഡിഎ നിയോഗിച്ചിട്ടുള്ളത്. കരുവന്നൂർ ബാങ്ക് സമരവേദികളിൽ നിറഞ്ഞു നിന്ന ഷാജുട്ടൻ വാർഡിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും ആനാട്ടുകടവിൽ ടൂറിസം പദ്ധതിയും വോട്ടർമാരുടെ മുന്നിൽ അവതരിപ്പിച്ച് കഴിഞ്ഞു.
നിരവധി ക്ഷേത്രങ്ങൾ ഉള്ള വാർഡിൽ 1380 ഓളം വോട്ടർമാരാണുള്ളത്.















