കാട്ടൂർ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി എറണാകുളം സ്വദേശികൾ ; പണം ഭാഗികമായി കൊടുത്ത് തീർത്താണെന്നും മുഴുവൻ തുകയും ഉടൻ കൊടുത്ത് തീർക്കുമെന്നും ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ എതിരാളികളെന്നും വിശദീകരിച്ച് സ്ഥാനാർഥി ബദറുദ്ദീൻ വലിയകത്ത്
ഇരിങ്ങാലക്കുട : കാട്ടൂർ പഞ്ചായത്ത് വാർഡ് 15 മുനയം വാർഡിൽ മൽസരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ബദറുദ്ദീൻ വലിയകത്തിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി എറണാകുളം സ്വദേശികൾ. അയർലണ്ടിൽ വെയർഹൗസ് വർക്കറുടെ വിസയ്ക്ക് വേണ്ടി കഴിഞ്ഞ വർഷം നവംബറിൽ ഒരു ലക്ഷം രൂപ വീതം കൈപ്പറ്റിയെന്നും ഒരു വർഷം പിന്നിട്ടിട്ടും വിസ ശരിയാട്ടില്ലെന്നും പണം തിരിച്ച് ചോദിച്ചപ്പോൾ ഭാഗികമായി മാത്രമേ തന്നിട്ടുള്ളൂവെന്നും എറണാകുളം ഇരുമ്പനം ശ്രീനിലയത്തിൽ ശ്രീൻജു , പൂണിത്തറ പുളിക്കൽ വീട്ടിൽ ദീപലക്ഷ്മി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ലോണെടുത്തും സ്വർണ്ണം പണയം വച്ചുമാണ് തങ്ങൾ രണ്ട് പേരും ആലുവ സ്വദേശിനിയുമായ റോഫിനയും പണം കൈമാറിയത്. മൂന്ന് പേർക്കുമായി ഒരു ലക്ഷം രൂപ ഇനിയും ലഭിക്കാനുണ്ടെന്നും ഇത് സംബന്ധിച്ച് തൃപ്പുണിത്തറ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അടുത്ത ദിവസം തൃശ്ശൂർ റൂറൽ എസ്പിയ്ക്കും പരാതി നൽകുമെന്നും ഇരുവരും അറിയിച്ചു. സുഹൃത്തിൻ്റെ ബന്ധുവെന്ന നിലയ്ക്കാണ് തങ്ങൾ ബദറുദ്ദീനെ ബന്ധപ്പെട്ടതെന്നും ഇരുവരും പറഞ്ഞു. എന്നാൽ പണം ഭാഗികമായി നൽകി കഴിഞ്ഞിട്ടുണ്ടെന്നും ഉടൻ ബാക്കി തുകയും കൊടുത്ത് തീർക്കുമെന്നും ചെന്നൈയിലുള്ള എജൻസി വഴിയാണ് വിസ ശരിയാക്കുന്നതെന്നും പണം എജൻസിയിൽ നിന്നും തിരിച്ച് കിട്ടിയിട്ടില്ലെന്നും വിസയ്ക്ക് വേണ്ടിയുള്ള നടപടി ക്രമങ്ങൾ നടക്കുന്നതിനിടയിൽ അയർലണ്ടിൽ പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞതാണ് പ്രശ്നമായതെന്നും ബദറുദീൻ വലിയകത്ത് അറിയിച്ചു. തിരഞ്ഞെടുപ്പ് ഘട്ടമായത് കൊണ്ട് രാഷ്ട്രീയ എതിരാളികളാണ് ഇപ്പോൾ വിഷയം ഉയർത്തുന്നതിൻ്റെ പുറകിലെന്നും ബദ്ദറുദ്ദീൻ വലിയകത്ത് വ്യക്തമാക്കി.















