ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസ്സ് – കേരള കോൺഗ്രസ്സ് തർക്കങ്ങൾ യുഡിഎഫ് കൺവെൻഷനിലും; ഔദ്യോഗിക സ്ഥാനാർഥികൾക്ക് എതിരെ മൽസരിക്കുന്നവർക്ക് എതിരെ നടപടിയുമായി ജിലാ കോൺഗ്രസ്സ് നേതൃത്വം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്ക് കേരള കോൺഗ്രസ്സിന് അനുവദിച്ച സീറ്റുകളിൽ മൽസരിക്കുമെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ്സ് പ്രവർത്തകർ . ഘടകകക്ഷിയായ കേരള കോൺഗ്രസ്സിന് അനുവദിച്ച വാർഡ് 15 ൽ നിലവിലെ ഭരണകക്ഷി അംഗവും കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻ്റ് കൂടിയായ ബിജു പോൾ അക്കരക്കാരൻ്റെ ഭാര്യ സുജ ബിജുവും വാർഡ് 19 ൽ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടായ ജോസഫ് ചാക്കോയുമാണ് കേരള കോൺഗ്രസ്സ് മൽസരിക്കുന്ന വാർഡുകളിലേക്കായി പത്രിക നൽകിയിരുന്നത്. പത്രിക പിൻവലിക്കേണ്ട സമയം കഴിഞ്ഞിട്ടും ഇരുവരും പിൻവലിച്ചിട്ടില്ല. ഇരുവരും പ്രചരണ രംഗത്ത് സജീവമായി തുടരുകയാണ്. ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥികൾക്ക് എതിരെ മൽസരിക്കുന്ന പാർട്ടി അംഗങ്ങളെ ആറ് വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡൻ്റ് അഡ്വ ജോസഫ് ടാജറ്റ് അറിയിച്ചു.
അതേ സമയം നഗരസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത കോൺഗ്രസ്സ് – കേരള കോൺഗ്രസ്സ് തർക്കം നഗരസഭ തലയുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ചർച്ചാ വിഷയമായി. ഐക്യ ജനാധിപത്യമുന്നണി ഐക്യത്തിൻ്റെ പ്രതീകമാകണമെന്നും യുഡിഎഫ് അംഗീകരിച്ചിട്ടുള്ള 43 സ്ഥാനാർഥികളാണ് ഔദ്യോഗിക സ്ഥാനാർഥികൾ എന്നും ഇവർക്ക് വേണ്ടി പ്രവർത്തിക്കാത്തവരെ യുഡിഎഫിൻ്റെ മാനം കാക്കുന്നവരായി കാണാൻ കഴിയില്ലെന്നും കൺവെൻഷനിൽ അധ്യക്ഷത വഹിച്ച യുഡിഎഫ് നിയോജക മണ്ഡലം ചെയർമാനും മുൻ എംഎൽഎ യുമായ അഡ്വ തോമസ് ഉണ്ണിയാടൻ പറഞ്ഞു. കേരള കോൺഗ്രസ്സ് യുഡിഎഫിൻ്റെ ഭാഗമാണെന്നും ആ നിലയിലാണ് കഴിഞ്ഞ കാലങ്ങളിൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തിച്ചിട്ടുള്ളതെന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു. എന്നാൽ തുടർന്ന് സംസാരിച്ച ഡിസിസി വൈസ് പ്രസിഡൻ്റ് അഡ്വ എം എസ് അനിൽകുമാർ മുൻഎംഎൽഎയെ നിശിതമായി വിമർശിച്ചു. ഉണ്ണിയാടൻ എംഎൽഎ ആയതിന് ശേഷമാണ് കേരള കോൺഗ്രസ്സിന് സീറ്റുകൾ വാങ്ങിയെടുത്തതെന്നും കാര്യമായ അണികൾ കേരള കോൺഗ്രസ്സിന് ഇരിങ്ങാലക്കുടയിൽ ഇല്ലെന്നും പടിയൂർ പഞ്ചായത്തിൽ കേരള കോൺഗ്രസ്സ് സ്ഥാനാർഥിയുടെ നോമിനേഷൻ തള്ളിയെന്നും കാറളത്ത് സ്ഥാനാർഥിയെ കണ്ട് പിടിക്കാൻ കോൺഗ്രസ് സഹായം വേണ്ടി വന്നുവെന്നും കോൺഗ്രസ്സ് അണികളുടെ വികാരം മനസ്സിലാക്കണമെന്നും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്നും അനിൽകുമാർ ആവശ്യപ്പെട്ടു.
ലയൺസ് ഹാളിൽ ചേർന്ന കൺവെൻഷൻ കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. കെപിസിസി മുൻ സെക്രട്ടറി എം പി ജാക്സൻ,ഡിസിസി സെക്രട്ടറിമാരായ ആൻ്റോ പെരുമ്പിള്ളി, സതീഷ് വിമലൻ , മുൻ എം പി സാവിത്രി ലക്ഷ്മണൻ, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് , മണ്ഡലം പ്രസിഡഡണ്ടുമാരായ പി കെ ഭാസി, അബ്ദുൾഹഖ്, ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ എ റിയാസുദ്ദീൻ, യുഡിഎഫ് മണ്ഡലം കൺവീനർ പി ടി ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു















