സൈബർ തട്ടിപ്പിൽ ഇരിങ്ങാലക്കുട സ്വദേശിക്ക് നഷ്ടപ്പെട്ട പത്ത് ലക്ഷം രൂപയിലധികം മൂല്യമുള്ള ക്രിപ്റ്റോ കറൻസി തിരിച്ച് പിടിച്ചു; കേരളത്തിൽ ആദ്യമെന്ന് തൃശ്ശൂർ റൂറൽ പോലീസ് ;
ഇരിങ്ങാലക്കുട : സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണത്തിൽ ഉൾപ്പെട്ട ഏകദേശം 10 ലക്ഷം രൂപയിലധികം വിലവരുന്ന ക്രിപ്റ്റോ കറൻസി തൃശ്ശൂർ റൂറൽ പോലീസ് ആദ്യമായി കോടതി ഉത്തരവ് പ്രകാരം ഔദ്യോഗിക ഹാർഡ്‌വെയർ ക്രിപ്റ്റോ വാലറ്റിലേക്ക് മാറ്റി സുരക്ഷിതമാക്കി. ക്രിപ്റ്റോ കറൻസി / ബിറ്റ്‌കോയിൻ തട്ടിപ്പുകളിൽ നഷ്ടപ്പെട്ട പണം തിരികെ പിടിക്കുന്നത് കേരളത്തിൽ ആദ്യമായാണ് . ഇരിങ്ങാലക്കുട എം ജി റോഡ് സ്വദേശി സരള മന്ദിരം വീട്ടിൽ വിദ്യാധരൻ (68 വയസ് ) എന്നയാളിൽ നിന്ന് 2023 നവംബർ 24 മുതൽ 2024 ജനുവരി 28 വരെയുള്ള കാലയളവിൽ ₹1,12,09,651/- തട്ടിയെടുത്ത കേസ്സിലാണ് നടപടിയെടുത്തത്. അന്വേഷണത്തിൽ പ്രതിയുടെ ZEBPAY എന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് വാലറ്റിൽ 11,752 യൂണിറ്റ് USDT സൂക്ഷിച്ചിരിക്കുന്നതും, അതിന്റെ മൂല്യം ഏകദേശം 10 ലക്ഷം രൂപയിലധികമാണെന്നും തിരിച്ചറിഞ്ഞു. ഈ തുക തിരികെ പിടിക്കുന്നതിനായി കോടതിയിൽ അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കർ IPS, തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. വർഗ്ഗീസ് അലക്സാണ്ടർ, തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. സുജിത് പി.എസ്., എസ്.ഐ. ബെന്നി ജോസഫ്, ജി.എസ്.ഐ. അനുപ്, സി.പി.ഒ. ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.















