ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഭരണനിലനിറുത്തുമെന്ന് പ്രഖ്യാപിച്ച യുഡിഎഫിന് തലവേദന ആയി വിമത സ്ഥാനാർഥികളും .മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ് ഔദ്യോഗിക സ്ഥാനാർഥിയായി മൽസരിക്കുന്ന വാർഡ് 13 ഗാന്ധിഗ്രാമിൽ പാർട്ടി മണ്ഡലം സെക്രട്ടറിയും മുൻ ബൂത്ത് പ്രസിഡണ്ടുമായ സിജോ ജോസ് എടത്തിരുത്തിക്കാരൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മണ്ഡലം സെക്രട്ടറി ഭാസി കാരപ്പിള്ളി, കാർഷിക വികസന ബാങ്ക് ഡയറക്ടർ ഇന്ദിര ഭാസി എന്നിവരോടൊപ്പം എത്തിയാണ് നോമിനേഷൻ സമർപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക സ്ഥാനാർഥിയുമായുള്ള കടുത്ത ഭിന്നതകളാണ് സ്ഥാനാർത്ഥിത്വത്തിലേക്ക് വഴി തെളിയച്ചതെന്ന് സൂചന. പാർട്ടി ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ സ്വതന്ത്ര്യ സ്ഥാനാർഥി ആയി മൽസരിക്കുമെന്ന് കുര്യൻ ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനിടയിൽ യുഡിഎഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം മൽസരിക്കുന്ന വാർഡ് 15 മുനിസിപ്പൽ ആശുപത്രി , വാർഡ് 18 ചന്തക്കുന്ന് എന്നീ വാർഡുകളിൽ കോൺഗ്രസ്സ് പ്രവർത്തകർ വിമതരായി എത്തുമെന്നും സൂചനകൾ ഉയർന്നിട്ടുണ്ട്. വാർഡ് 15 ൽ നിലവിലെ ഭരണസമിതി അംഗത്തിൻ്റെ ഭാര്യയും വാർഡ് 18 ൽ മുൻ മണ്ഡലം സെക്രട്ടറിയും സ്ഥാനാർഥികളാണ് എത്തുമെന്ന് വ്യക്തമായിട്ടുണ്ട്. വാർഡ് 15 ൽ വിമത സ്ഥാനാർഥി പ്രചരണവും ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഇരുവരും അടുത്ത ദിവസം നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും. കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം മൽസരിക്കുന്ന വാർഡുകൾ കോൺഗ്രസ്സിന് നൽകണമെന്ന ആവശ്യം ഓരോ മുനിസിപ്പൽ തിരഞ്ഞെടുപ്പിലും ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഉന്നയിച്ച് വരുന്നുണ്ട്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കൊണ്ട് ജോസഫ് വിഭാഗം നേതാക്കൾ നടത്തിയ പത്രസമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിന് മുന്നണി മര്യാദയ്ക്ക് എതിരായി കോൺഗ്രസ്സ് പ്രവർത്തിക്കില്ലെന്ന വിശ്വാസമാണ് ഉള്ളതെന്ന് മറുപടിയാണ് ലഭിച്ചത്.















