36-മത് തൃശ്ശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം; സ്വാഗത ഗാനം ഒരുങ്ങി

കലയുടെയും ദേശത്തിൻ്റെയും പ്രാധാന്യത്തെ ആവിഷ്ക്കരിക്കുന്ന സ്വാഗതഗാനവുമായി 36-മത് തൃശ്ശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം; ആലാപനത്തിൽ 36 ഗായകർ അണിനിരക്കും.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ അരങ്ങേറുന്ന 36-മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ സ്വാഗതഗാനം തയ്യാറായി. 36 ഗായകർ അണിനിരക്കുന്ന പരിപാടിയിൽ പാട്ടിന് അനുയോജ്യമായ നൃത്താവിഷ്കാരവും ഒരുക്കിയിട്ടുണ്ട്. ” തൃശ്ശിവപേരൂർ ഉണരുന്നു , തിരുനൂപുരലയമണിയുന്നു” എന്ന് വരികളോടെ ആരംഭിക്കുന്ന ഗാനത്തിൻ്റെ രചന നടവരമ്പ് ഗവൺമെന്റ് സ്കൂൾ പ്ലസ് ടു ഇംഗ്ലീഷ് അധ്യാപിക രാധിക സനോജാണ് നിർവഹിച്ചത്. മഹാമാരിക്ക് ശേഷം അധ്യയനം ആരംഭിച്ചപ്പോൾ പ്രവേശനോൽസവഗാനത്തിന് രാധിക സനോജ് രൂപം നൽകിയിരുന്നു. സാംസ്കാരിക നഗരമായ തൃശ്ശിവപേരൂരിൻ്റെയും കലകളുടെ കേന്ദ്രമായ സംഗമപുരിയുടെ പ്രാധാന്യത്തെ ആവിഷ്ക്കരിക്കുന്ന ഗാനത്തിന് ആലപ്പുഴ ജി വി എച്ച് എസ് എസ്സിലെ സംഗീതാധ്യാപകനും തൃശൂർ പാലക്കൽ സ്വദേശിയുമായ സനൽ ശശീന്ദ്രയാണ് സംഗീതം നൽകിയിരിക്കുന്നത്. നൃത്താധ്യാപിക പ്രീതി നീരജാണ് രംഗാവിഷ്കാരം ഒരുക്കിയത്.കലാധ്യാപകരും, പ്രധാനാധ്യാപകരും, ബി ആർ സി സ്റ്റാഫും അനധ്യാപകരും അഞ്ച് മിനിറ്റ് നീളുന്ന ഗാനത്തിന്റെ അവതരണത്തിൽ പങ്കാളികളാകും. കലാധ്യാപക സംഘടന തൃശൂർ ജില്ലാ പ്രസിഡണ്ട് അജിത സുരേഷിൻ്റെ നേതൃത്വത്തിലാണ് ഗാനം ഒരുക്കിയിട്ടുള്ളത്. തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ബാലകൃഷ്ണൻ പി. എം , ഇരിങ്ങാലക്കുട ഡിഇഒ ടി ഷൈല എന്നിവരുടെ നിർദ്ദേശമനുസരിച്ചാണ് ഗാനം ഒരുക്കിയത്.

Please follow and like us: