തദ്ദേശതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭ സ്ഥാനാർഥികളെ ഇടത്- വലത് മുന്നണികൾ ഇന്ന് പ്രഖ്യാപിക്കും
ഇരിങ്ങാലക്കുട : തദ്ദേശതിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നഗരസഭയിലേക്കുള്ള സ്ഥാനാർഥികളെ എൽഡിഎഫും യുഡിഎഫും ഇന്ന് പ്രഖ്യാപിക്കും. മാരത്തോൺ ചർച്ചകൾക്ക് ശേഷമാണ് ഇത്തവണ എൽഡിഎഫിൽ സീറ്റ് ധാരണയായിട്ടുള്ളത്. നിയോജക മണ്ഡലത്തിൽ നഗരസഭയിലും പഞ്ചായത്തുകളിലും വർധിച്ച സീറ്റുകളെ ചൊല്ലി സിപിഎം – സിപിഐ തർക്കങ്ങളാണ് കീറാമുട്ടിയായത്. മന്ത്രി ഡോ ആർ ബിന്ദു ഉൾപ്പെടെ മണിക്കൂറുകൾ നീണ്ട ചർച്ചകളിൽ പങ്കെടുത്തിരുന്നു. നഗരസഭയിൽ വർധിച്ച രണ്ട് സീറ്റുകളിൽ ഒന്നിന് വേണ്ടി സിപിഐ അവകാശവാദം ഉന്നയിച്ചെങ്കിലും ഫലമുണ്ടായിട്ടില്ലെന്നാണ് സൂചന. കാറളം, പൂമംഗലം പഞ്ചായത്തുകളിൽ സിപിഐ ക്കും കാട്ടൂരിൽ കേരള കോൺഗ്രസ്സിനും അധിക സീറ്റ് ലഭിച്ചേക്കും . നിലവിലെ ഭരണസമിതിയിൽ നിന്നും സിപിഎം പ്രതിനിധികളായ സി സി ഷിബിൻ, ലേഖ കെ ആർ, നസീമ കുഞ്ഞുമോൻ , മുൻ ഭരണസമിതി അംഗങ്ങളായ പി വി ശിവകുമാർ , ഷീബ ശശിധരൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ആർ എൽ ശ്രീലാൽ, ഡോ കെ പി ജോർജ്ജ്, ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ടിൻ്റെ മകൾ അഷറിൻ കളക്കാട്ട് തുടങ്ങിയവർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സിപിഐ യിൽ നിന്നും നിലവിലെ ഭരണസമിതി അംഗം അൽഫോൺസ തോമസ്, സിപിഐ മണ്ഡലം അസി സെക്രട്ടറി അഡ്വ പി ജെ ജോബി , കെപിഎംഎസ് നേതാവ്
പി സി രഘു എന്നിവർ രംഗത്തുണ്ടാകും. നിലവിലെ ഭരണസമിതി പ്രതിനിധി മാർട്ടിൻ ആലേങ്ങാടൻ സ്വതന്ത്ര്യ സ്ഥാനാർഥി ആയി മൽസരിക്കുമെന്ന സൂചനകൾ നേരത്തെ നൽകിയിരുന്നു.
പതിവിന് വിപരീതമായി കാര്യമായ തർക്കങ്ങളില്ലാതെ സീറ്റ് ചർച്ച പൂർത്തിയാക്കിയ ചിത്രമാണ് യുഡിഎഫിൽ ഉള്ളത്. നിലവിലെ ഭരണസമിതിയിൽ നിന്നും വൈസ് ചെയർമാൻ ബൈജു കുറ്റിക്കാട്ട്, മുൻ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ, മിനി ജോസ് ചാക്കോള , സന്തോഷ് കെ എം എന്നിവരും മുൻ ഭരണസമിതികളിൽ നിന്നും ചിന്ത ധർമ്മരാജൻ, എം എസ് ദാസൻ, കുര്യൻ ജോസഫ്, കെ എൻ ഗിരീഷ്, വി സി വർഗ്ഗീസ്, മണ്ഡലം പ്രസിഡൻ്റ് എം എസ് ദാസൻ എന്നിവർ ജനവിധി തേടും. ഭരണത്തിന് നേതൃത്വം നൽകാൻ മുൻ നഗരസ ചെയർമാനും കെപിസിസി മുൻ സെക്രട്ടറിയുമായ എം പി ജാക്സൻ മൽസരിക്കുമെന്നും വ്യക്തമായിട്ടുണ്ട്. ഇത് സംബന്ധിച്ച സൂചന കോൺഗ്രസ്സ് കോർ കമ്മിറ്റി യോഗത്തിൽ എം പി ജാക്സൻ നൽകിയിരുന്നു. യുഡിഎഫിന് എറെ രാഷ്ട്രീയ വോട്ടുകൾ ഉള്ള വാർഡ് നമ്പർ 22 – മുനിസിപ്പൽ ഓഫീസ് വാർഡ് മൽസരിക്കാനായി തിരഞ്ഞെടുക്കുമെന്ന സൂചനയാണ് ഒടുവിൽ ലഭിക്കുന്നത്.
നഗരസഭ ഭരണം ലക്ഷ്യമിടുന്ന എൻഡിഎ 39 സീറ്റുകളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. അവശേഷിക്കുന്ന നാല് സീറ്റുകളുടെ സ്ഥാനാർഥി പട്ടിക രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറക്കും. ഇടഞ്ഞ് നിൽക്കുന്ന ഘടകക്ഷിയായ ബിഡിജെഎസുമായി ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നാണ് സൂചന.















