ഇരിങ്ങാലക്കുട കെഎസ് പാർക്കിൽ ബാലകലോൽസവം നവംബർ 12, 13, 14 തീയതികളിൽ
ഇരിങ്ങാലക്കുട : ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കെഎസ്ഇ ലിമിറ്റഡിൻ്റെ കീഴിലുള്ള കെ എസ് പാർക്കിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് കൊണ്ട് നവംബർ 12 മുതൽ 14 വരെ ചിത്രരചന, ലളിത ഗാനം, സംഘഗാനം, പ്രസംഗം, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ് , ഫാൻസി ഡ്രസ്സ്, ബേബി പ്രിൻസ്, ബേബി പ്രിൻസസ് എന്നിവയിൽ മൽസരങ്ങൾ നടത്തുന്നു. തുടർച്ചയായ 26-മത്തെ വർഷമാണ് കെഎസ് പാർക്കിൽ ബാലകലോൽസവം സംഘടിപ്പിക്കുന്നതെന്ന് കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എം പി ജാക്സൻ, ജനറൽ കൺവീനർ സുമൻ പോൾസൺ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. 14 ന് വൈകീട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും ഡയമണ്ട് ജൂബിലി സോവനീർ പ്രകാശനവും ജില്ലാ സബ്- കളക്ടർ അഖിൽ വി മേനോൻ ഐഎഎസ് നിർവഹിക്കും. കഴിഞ്ഞ വർഷം 1500 ഓളം കുട്ടികളാണ് വിവിധ മൽസരങ്ങളിൽ പങ്കെടുത്തത്. കെഎസ്ഇ എക്സിക്യൂട്ടീവ് ഡയറക്ടർ പോൾ ഫ്രാൻസിസ് കെ, ഹോൾടൈം ഡയറക്ടർ ഡോണി ജോർജ്ജ് അക്കരക്കാരൻ, ജനറൽ മാനേജർ എം അനിൽ , സിഎഫ്ഒ ശെന്തിൽകുമാർ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.















