തുറുകായ്കുളത്തിനെ വീണ്ടെടുത്ത് പ്രാദേശിക ഭരണകൂടവും ജനപ്രതിനിധിയും തൊഴിലുറപ്പ് തൊഴിലാളികളും

തുറുകായ്കുളത്തിനെ വീണ്ടെടുക്കാൻ കൈകോർത്ത് പ്രാദേശിക ഭരണകൂടവും ജനപ്രതിനിധിയും തൊഴിലുറപ്പ് തൊഴിലാളികളും; നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചത് 44 ലക്ഷത്തോളം രൂപ

 

  • ഇരിങ്ങാലക്കുട : കാട് പിടിച്ച് കിടന്നിരുന്ന കുളത്തിനെ നവീകരിക്കാനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനും പ്രാദേശിക ഭരണകൂടവും ജനപ്രതിനിധിയും തൊഴിലുറപ്പ് തൊഴിലാളികളും റെസിഡൻസ് അസോസിയേഷനും കൈകോർത്തപ്പോൾ സാധ്യമായത് ഒരു എക്കറോളം വിസ്തൃതിയുള്ള കുളത്തിൻ്റെ വീണ്ടെടുപ്പ്. നഗരസഭയിലെ പൊറത്തിശ്ശേരി മേഖലയിൽ വാർഡ് 35 ലെ തുറുകായ് കുളത്തിൻ്റെ പുനർജന്മത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചത് കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിൽ. 35, 38, 39 വാർഡ് നിവാസികളുടെ കുടിവെള്ള സ്രോതസ്സ് കൂടിയായ തുറുകായ്കുളം കാട് പിടിച്ച് അനാഥമായ നിലയിലായിരുന്നു. നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ തുറുകായ് കുളം ഉൾപ്പെടുത്തിയത് കഴിഞ്ഞ ഭരണസമിതിക്കാലത്ത് . 2020- 2025 കാലത്തായി വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 43, 61, 774 രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളിലൂടെയാണ് തുറുകായ്കുളത്തെ വീണ്ടെടുത്തിരിക്കുന്നത്. കുളത്തിൻ്റെ നവീകരണം, റോഡ് നിർമ്മാണം, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ടൈൽ വിരിക്കൽ എന്നീ പ്രവൃത്തികളാണ് പൂർത്തീകരിച്ചത്. കുടിവെള്ള സ്രോതസ്സിനോടൊപ്പം കുട്ടികൾക്ക് നീന്തൽ പഠിക്കാനുള്ള ഇടമായി കൂടി തുറുകായ് കുളം മാറിക്കഴിഞ്ഞു. ചുറ്റും മരങ്ങൾ വച്ച് പിടിപ്പിക്കാനുള്ള നടപടികളും ആരംഭിച്ച് കഴിഞ്ഞു. അമ്യത് പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ നടപ്പാത , ഹാൻഡ് റെയിലുകൾ, സമീപത്ത് ഓപ്പൺ ജിം എന്നിവയും ഭരണാധികാരികൾ ലക്ഷ്യമിട്ടിട്ടുണ്ട്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിൻ്റെ ഉദ്ഘാടനം കുളത്തിൻ്റെ പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു. വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൻ പാറേക്കാടൻ, എഞ്ചിനീയർ സന്തോഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു. വാർഡ് കൗൺസിലർ സി സി ഷിബിൻ സ്വാഗതവും തൊഴിലുറപ്പ് വിഭാഗം എഞ്ചിനീയർ ടി എസ് സിജിൻ നന്ദിയും പറഞ്ഞു.
Please follow and like us: