ഗ്രാമീണ ടൂറിസത്തിൻ്റെ മാതൃകയായി പൊതുമ്പുചിറയോരം; ഇനി ബോട്ടിംഗ് സൗകര്യവും

ഗ്രാമീണ ടൂറിസത്തിൻ്റെ മാതൃകയായി മുരിയാട് പഞ്ചായത്തിലെ പൊതുമ്പുചിറയോരം; ഇനി ബോട്ടിംഗ് സൗകര്യവും

 

ഇരിങ്ങാലക്കുട : മണ്ഡലത്തിലെ പ്രഥമ ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതിയായ പൊതുമ്പുചിറയോരം സംസ്ഥാന ടൂറിസം മാപ്പിൽ ശ്രദ്ധ നേടുകയാണ്.

സംസ്ഥാന ടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപ, ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ. ആർ. ബിന്ദുവിന്റെ വികസനനിധിയിൽ നിന്നും 25 ലക്ഷം രൂപ, മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 21 ലക്ഷം രൂപ എന്നിവ ഉപയോഗിച്ചാണ് പൊതുമ്പുചിറയോര ടൂറിസം പദ്ധതി

യാഥാർഥ്യമാക്കിയത്. ഡോ. ആർ. ബിന്ദുവിന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതിപ്രദേശത്തേക്കുള്ള ആമ്പിപ്പാടം–പൊതുമ്പുചിറ റോഡും പൂർത്തീകരിച്ചു.

മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ചിറയുടെ സൗന്ദര്യവത്കരണവും അടിസ്ഥാന സൗകര്യ വികസനവും പൂർത്തിയാക്കിയപ്പോൾ, രണ്ടാം ഘട്ടത്തിൽ പ്രകാശവിതാനങ്ങൾ, ഇരിപ്പിടങ്ങൾ, വ്യൂ പോയിന്റ്, ഹാപ്പിനസ് പാർക്ക്, കോഫി ഷോപ്പ്, കനോപ്പി, ശുചിമുറികൾ, ഓപ്പൺ ജിം, ഫൗണ്ടൻ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രദേശം മുഴുവനും സിസിടിവി നിരീക്ഷണത്തിലാക്കി സുരക്ഷിതത്വവും ഉറപ്പാക്കി.

എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് പൊതുമ്പുചിറയിലെ ചിൽഡ്രൻസ് പാർക്കിന്റെ നിർമാണം വളരെ വേഗത്തിലാണ് നടത്തുന്നത്.

 

ഇതോടൊപ്പം ഐ.സി.എൽ. ഫിൻകോർപ്പിന്റെ സി.എസ്.ആർ. ഫണ്ടിലൂടെ നടപ്പാക്കിയ ബോട്ടിംഗ് സൗകര്യം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: