ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ ജലസംഭരണി മന്ത്രി ഡോ. ആര്‍. ബിന്ദു നാടിന് സമര്‍പ്പിച്ചു; നിർമ്മാണം പൂർത്തീകരിച്ചത് അമൃത് പദ്ധതിയിൽ 3.4 കോടി രൂപ ചിലവഴിച്ച് ; കേന്ദ്ര മന്ത്രിയെ പരിപാടി അറിയിച്ചില്ലെന്ന് ബിജെപി; മെയിൽ അയച്ചിരുന്നുവെന്ന് വിശദീകരിച്ച് നഗരസഭ അധികൃതർ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ചന്തക്കുന്ന് ഭാഗത്തേക്കുള്ള ജലവിതരണം മെച്ചപ്പെടുത്തുന്ന പ്രവൃത്തിക്കായി നിർമ്മിച്ച രണ്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നാടിന് സമര്‍പ്പിച്ചു. ഗുണനിലവാരമുള്ള വെള്ളം നിരന്തരം ലഭ്യമാകുന്ന രീതിയില്‍ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജലസംഭരണി നിര്‍മ്മിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.464 കോടി രൂപ വിനിയോഗിച്ചാണ് ജലസംഭരണി നിര്‍മ്മിച്ചത്. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. കെ.ഡബ്ലിയു.എ സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ പി.എ സുമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഫെനി എബിന്‍ വെള്ളാനിക്കാരന്‍, അംബിക പള്ളിപ്പുറത്ത്, ജെയ്‌സണ്‍ പാറേക്കാടന്‍, മുന്‍സിപ്പല്‍ സെക്രട്ടറി എം.എച്ച് ഷാജിക്ക്, വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ സുമ പി എ ,മുന്‍സിപ്പല്‍ എഞ്ചിനീയര്‍ സന്തോഷ് കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.
അതേ സമയം ഉദ്ഘാടന ചടങ്ങ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അറിയിച്ചില്ലെന്നും കേന്ദ്ര മന്ത്രിയെ ഉദ്ഘാടകനാക്കിയാണ് പരിപാടി നടത്തേണ്ടിയിരുന്നതെന്നും ബിജെപി പാർലമെൻ്ററി പാർട്ടി യോഗം കുറ്റപ്പെടുത്തി. എന്നാൽ പരിപാടി സംബന്ധിച്ച് കേന്ദ്രമന്ത്രിയുടെ ഓഫീസിലേക്ക് കൃത്യമായി മെയിൽ അയച്ചിരുന്നുവെന്നും മറുപടി ഒന്നും ലഭിച്ചില്ലെന്നും നഗരസഭ അധികൃതർ അറിയിച്ചു.















