ആളൂർ ഗ്രാമപഞ്ചായത്തിൽ ആധുനിക ഗ്യാസ് ക്രിമിറ്റോറിയം

ആളൂർ ഗ്രാമപഞ്ചായത്തിൽ ആധുനിക ഗ്യാസ് ക്രിമിറ്റോറിയം ; പദ്ധതി ഒരു കോടി അഞ്ച് ലക്ഷം രൂപ ചിലവഴിച്ച്

 

ഇരിങ്ങാലക്കുട :ആളൂർ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം യാഥാർത്ഥ്യമായി. തുരുത്തിപറമ്പിൽ നിർമ്മാണം പൂർത്തിയാക്കിയ ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

ആളൂർ ഗ്രാമപഞ്ചായത്തിന്റെ 2024–25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 85 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപയും ഉൾപ്പെടെ മൊത്തം ഒരു കോടി അഞ്ച് ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്.

നിർമ്മിതി കേന്ദ്രം തൃശൂർ അസിസ്റ്റന്റ് പ്രോജക്റ്റ് എഞ്ചിനിയർ പി.കെ. മധുസൂദനൻ റിപ്പോർട്ട് അവതരിപ്പിച്ചു.

1170 ചതുരശ്ര അടിയിൽ വികസിപ്പിച്ച കെട്ടിടത്തിൽ ഗ്യാസ് സ്റ്റോർ റൂം, ഓഫീസ് റൂം, ടോയ്ലറ്റ്, ഹാൾ, വരാന്ത, പോർച്ച് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൈൽ വർക്ക്, ഇലക്ട്രിഫിക്കേഷൻ, പേവർ ബ്ലോക്ക്, ലാൻഡ്‌സ്‌കേപ്പിംഗ് തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

ക്രിമിറ്റോറിയം പരിസരത്ത് നടന്ന ചടങ്ങിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് രതി സുരേഷ്, സെക്രട്ടറി സുനിൽ കെ.എൻ., മാള ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞൂരാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഷാജു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ധിപിൻ പാപ്പച്ചൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തിലകൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എം.എസ്. വിനയൻ, ജനപ്രതിനിധികൾ, പഞ്ചായത്ത് അംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: