കോടികളുടെ പദ്ധതികളുമായി മുരിയാട് പഞ്ചായത്ത്; ചിറയോരം ടൂറിസം പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ബോട്ടിംഗും ചിൽഡ്രൻസ് പാർക്കും .
ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഇരുപതോളം പദ്ധതികളുമായി മുരിയാട് ഗ്രാമപഞ്ചായത്ത്. 90 ലക്ഷം രൂപയുടെ പുല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ, 25 ലക്ഷത്തോളം രൂപ ചിലവഴിച്ച് മൊബൈൽ ക്രിമിറ്റോറിയം, ഫ്രീസർ, ഹരിത കർമ്മസേനയ്ക്ക് വാഹനം, മുട്ടകോഴി വിതരണം, ജില്ലാ പഞ്ചായത്തിൻ്റെയും പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ 18 മിനി മാസ്റ്റുകൾ, വെൽനസ്സ് സെൻ്റർ, കൃഷിഭവൻ ഉപകേന്ദ്രത്തിന് ആസ്ഥാനം, അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് കപ്പാറ ലിഫ്റ്റ് ഇറിഗേഷൻ നവീകരണം എന്നിവയാണ് പ്രധാന പദ്ധതികളെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, സെക്രട്ടറി എം ശാലിനി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭാസ മേഖലയിൽ സിവിൽ സർവീസ് ഓറിയൻ്റേഷൻ കോഴ്സ്, കമ്മ്യൂണിക്കേഷൻ കോഴ്സ്, ബിരുദ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്, ലാപ്പ്ടോപ്പ്, എൽപി , യു പി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ എന്നീ പദ്ധതികൾക്ക് ഒക്ടോബർ 26 ന് തുടക്കം കുറിക്കും. ലഹരി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബർ 25 ന് വൈകീട്ട് 4 ന് പുല്ലൂർ പുതുമ്പു ചിറയോരത്ത് മനുഷ്യ ചങ്ങല തീർക്കും. ചിറയോര ടൂറിസം പദ്ധതിയുടെ മൂന്നാം ഘട്ടമായി ബോട്ടിംഗും ചിൽഡ്രൻസ് പാർക്കുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കിലയുമായി സഹകരിച്ച് പ്രാദേശിക കാലാവസ്ഥ വ്യതിയാന കർമ്മപദ്ധതിയുടെ പ്രകാശനവും അതിദരിദ്ര മുക്ത പ്രഖ്യാപനവുമായി ക്ലൈമറ്റ് കോൺക്ലേവും ഒക്ടോബർ 28 ന് 9.30 ന് ആനന്ദപുരം ഇഎംഎസ് ഹാളിൽ നടക്കും. വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സരിത സുഭാഷ്, കെ യു വിജയൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.















