കാട്ടൂർ – എടതിരിഞ്ഞി റോഡിൽ ബൈക്കിൽ ഇടിച്ചിട്ട് നിർത്താതെ പോയ കേസിലെ പ്രതിയും പെരിഞ്ഞനം സ്വദേശിയുമായ കാർ ഡ്രൈവർ പിടിയിൽ
ഇരിങ്ങാലക്കുട : കാട്ടൂർ – എടതിരിഞ്ഞി റോഡിലൂടെ കാട്ടൂർ തേക്കുംമൂല ഹിമുക്രു സ്വദേശി കാളിപറമ്പിൽ വീട്ടിൽ ശ്രീജിത്ത് ( 30 വയസ്സ്) എന്നയാൾ ഓടിച്ച് പോയിരുന്ന മോട്ടോർ സൈക്കിളിൻ്റെ പുറകിലൂടെ വന്ന കാർ ഇടിക്കുകയും തുടർന്ന് കാർ നിർത്താതെ കടന്ന് കളഞ്ഞ കേസിൽ കാർ ഡ്രൈവർ പെരിഞ്ഞനം പഞ്ചാര വളവിൽ മുളങ്ങിൽ വീട്ടിൽ അദീഷ് ( 29) പോലീസ് പിടിയിൽ. അപകടത്തിൽ ശ്രീജിത്തിന്റെ വലത് കാൽപാദത്തിലെ എല്ല് പൊട്ടിയും മറ്റും ഗുരുതര പരിക്ക് പറ്റിയിരുന്നു.സംഭവം നടന്നത് രാത്രിയിലായതിനാൽ വാഹനത്തിന്റെ നമ്പർ ലഭിച്ചിരുന്നില്ല. നിരവധി സി.സി.ടി.വി ദൃശ്യങ്ങളും വർക്ക്ഷോപ്പുകളും ആർ ടി ഒ ഓഫീസുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ ആയിരത്തേളം വാഹനങ്ങളുടെ വിവരങ്ങൾ പരിശോധിച്ചാണ് പ്രതിയെയും അപകടത്തിനടയാക്കിയ വാഹനവും കണ്ടെത്തിയത്. മുന്നുപീടിക ബീച്ച് റോഡിൽ വെച്ച് വീട്ടമ്മയും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പുറകിൽ കാർ ഇടിച്ചതിൽ ഇരുവർക്കും പരിക്കേൽക്കുകയും കാർ നിർത്താതെ ഓടിച്ച് പോയ സംഭവത്തിന് എടുത്ത കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബൈജു.ഇ.ആർ, എസ് ഐ മാരായ തുളസിദാസ്, ഫ്രാൻസിസ്, എ എസ് ഐ ധനേഷ് സി ജി, എസ് സി പി ഒ അജിത്കുമാർ, സി പി ഒ രമ്യ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.















