ഐ എച്ച്എസ്എസ് ഡി പി ഫ്ലാറ്റ് സമുച്ചയത്തിലെ ഒഴിവുകളെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം

ഐഎച്ച്എസ്ഡിപി ഫ്ലാറ്റ് സമുച്ചയത്തിലെ ഒഴിവുകളെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താനും ഗുണഭോക്താക്കളെ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കാനും ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം.

 

ഇരിങ്ങാലക്കുട : നഗരസഭ വാർഡ് 14 ൽ ഐഎച്ച്എസ്ഡിപി ഫ്ലാറ്റിലെ ഒഴിവുകൾ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താൻ നഗരസഭ യോഗത്തിൽ തീരുമാനം. ഫ്ലാറ്റിലെ അഞ്ച് ഒഴിവുകളിലേക്ക് പത്തോളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. അപേക്ഷകർ എല്ലാം അർഹരാണോയെന്ന് ഉറപ്പ് വരുത്തണമെന്ന് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ ആവശ്യപ്പെട്ടു. ഫ്ലാറ്റിൽ നിരവധി വീടുകൾ ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്ന് വാർഡ് കൗൺസിലർ ഷെല്ലി വിൽസൻ വെളിപ്പെടുത്തി. വീടുകൾ വാടകയ്ക്ക് കൊടുത്തവരും ഉണ്ടെന്ന് ചർച്ചയിൽ അഭിപ്രായം ഉയർന്നു. ഫ്ലാറ്റിലെ വീട്ടുകാരെ സംബന്ധിച്ചുള്ള രജിസ്റ്റർ വച്ച് പരിശോധന നടത്താവുന്നതാണെന്ന് ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബനും പറഞ്ഞു. ഇത് സംബന്ധിച്ച് പ്രത്യേക സബ്- കമ്മിറ്റിയെ വച്ചോ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയോ അന്വേഷിക്കാവുന്നതാണെന്ന് ചർച്ചയിൽ പങ്കെടുത്ത സെക്രട്ടറി വിശദീകരിച്ചു. വീടും സ്ഥലവും ഇല്ലാത്തവർക്ക് പരിഗണന നൽകാനും തുടർനടപടികൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.

നഗരസഭ ഒന്നാം വാർഡിൽ സൗത്ത് ബണ്ട് റോഡിൽ ഭാരമേറിയ വാഹനങ്ങൾ കടന്ന് പോകുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻ ഇറിഗേഷൻ വകുപ്പിന് അനുമതി നൽകാൻ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് വാർഡ് കൗൺസിലർ നസീമ കുഞ്ഞുമോൻ നേരത്തെ കത്ത് നൽകിയിരുന്നു. കത്ത് കൗൺസിലിൻ്റെ പരിഗണനയ്ക്ക് എത്താൻ വൈകിയത് വീഴ്ചയാണെന്ന് വിമർശനം ഉയർന്നു.

നഗരസഭ പരിധിയിൽ അനുഭവപ്പെടുന്ന രൂക്ഷമായ പാചക ഗ്യാസ് ക്ഷാമവിഷയം ജില്ലാ ഭരണകൂടത്തിൻ്റെ ശ്രദ്ധയിൽ കൊണ്ട് വരണമെന്ന് ഭരണകക്ഷി അംഗവും മുൻചെയർപേഴ്സനുമായ സുജ സഞ്ജീവ്കുമാർ ആവശ്യപ്പെട്ടു. ബുക്ക് ചെയ്യുമ്പോൾ നാല് ദിവസത്തിനുള്ളിൽ ലഭ്യമാക്കുമെന്നാണ് മറുപടിയെങ്കിലും കൂടുതൽ ദിവസങ്ങൾ വേണ്ടി വരുന്നുണ്ടെന്നും കൗൺസിലർ ചൂണ്ടിക്കാട്ടി.

വിജ്ഞാന കേരളം പ്രചരണവുമായി ബന്ധപ്പെട്ട് മുനിസിപ്പൽ തലത്തിൽ വിജ്ഞാന കൗൺസിലുകൾ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

Please follow and like us: