ആശുപത്രി വികസന സമിതിയുടെ ഫണ്ട് ഉപയോഗിച്ച് ഓപ്പറേഷൻ തീയേറ്റുകളിലേക്ക് ഉപകരണങ്ങൾ വാങ്ങിക്കുവാൻ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം; ആശുപത്രിയിലേക്ക് കേന്ദ്രമന്ത്രി പ്രഖ്യാപിച്ച ഫണ്ടിന് അനുമതി ആയിട്ടില്ലെന്നും ആശുപത്രി അധികൃതർ.
ഇരിങ്ങാലക്കുട : രണ്ട് കോടിയോളമുള്ള ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് മൂന്ന് ഓപ്പറേഷൻ തീയേറ്റുകളിലേക്കും ഐസിയു വിലേക്കും ആവശ്യമായ ഉപകരണങ്ങൾ വാങ്ങിക്കുവാൻ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി വികസനസമിതി യോഗത്തിൽ തീരുമാനം. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നിന്നാണ് ഉപകരണങ്ങൾ വാങ്ങിക്കുന്നത്. നേരെത്തെ ഓർഡർ നൽകിയിട്ടുള്ള പത്ത് മെഷീനുകൾ ലഭിച്ച് കഴിഞ്ഞാൽ ആശുപത്രിയിലെ ഡയാലിസിസ് വിംഗ് ആരംഭിക്കാൻ കഴിയുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ എം ജി ശിവദാസ് യോഗത്തിൽ അറിയിച്ചു. പുതിയ ബ്ലോക്ക് സജ്ജമാക്കുന്നതിൻ്റെ മുന്നോടിയായി ഡോക്ടർമാർ ഉൾപ്പടെയുള്ള 70 തസ്തികകൾ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിലേക്ക് കത്ത് നൽകിയിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ സിഎസ്ആർ ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ പുതിയ ബ്ലോക്കിൻ്റെ നാലാം നിലയിൽ ഉള്ള ഇൻ്റീരിയർ പ്രവൃത്തികൾക്ക് ചിലവഴിക്കാനാണ് പദ്ധതിയെന്നും എന്നാൽ പദ്ധതിക്ക് അംഗീകാരം ആയിട്ടില്ലെന്നും ചർച്ചകൾ നടന്ന് വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയുടെ ആവശ്യങ്ങൾ സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരത്തെ വിവരങ്ങൾ തേടിയിരുന്നുവെന്നും തുടർന്ന് മുന്നോട്ട് വച്ച നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഐഒസി യിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ആശുപത്രി സന്ദർശിച്ചിരുന്നുവെന്നും സൂപ്രണ്ട് വിശദീകരിച്ചു. ഫണ്ട് ലഭിച്ചാൽ പുതിയ ബ്ലോക്കിൽ നാലാം നിലയുടെ ടൈലുകൾ, ബാത്ത്റൂമുകൾ, ഇലക്ട്രിക്കൽ, പ്ലംബിംഗ് പ്രവൃത്തികൾ എന്നിവയ്ക്കായി ചിലവഴിക്കും. ആശുപത്രിയിലെ പൊതുശുചിമുറികൾ, പാർക്കിംഗ് എന്നിവയുടെ നടത്തിപ്പ് ലേലം വിളിച്ച് നൽകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർ പേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അംബിക പള്ളിപ്പുറത്ത്, ജെയ്സൻ പാറേക്കാടൻ, വാർഡ് കൗൺസിലർ പി ടി ജോർജ്ജ്, ആശുപത്രി വികസന സമിതി അംഗങ്ങളായ വി സി വർഗ്ഗീസ്, കെ എ റിയാസുദ്ദീൻ, കെ എസ് പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.