പടിയൂർ പഞ്ചായത്തിലെ വോളിബോൾ കോർട്ടിന് ഒരു ഉദ്ഘാടനം കൂടി; കോർട്ട് നാടിന് വീണ്ടും സമർപ്പിച്ച് പഞ്ചായത്ത് ഭരണസമിതി

പടിയൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വോളിബോൾ കോർട്ടിന് ഒരു ഉദ്ഘാടനം കൂടി; കോർട്ട് നാടിന് സമർപ്പിച്ച് പഞ്ചായത്ത് ഭരണസമിതി

ഇരിങ്ങാലക്കുട : കേന്ദ്ര മന്ത്രി നാടിന് സമർപ്പിച്ച വോളിബോൾ കോർട്ടിൻ്റെ ഉദ്ഘാടനം വീണ്ടും നടത്തി പടിയൂർ പഞ്ചായത്ത് . പടിയൂർ പഞ്ചായത്ത് എഴാം വാർഡിൽ 2022- 23 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ ചിലവഴിച്ച് മനപ്പറമ്പ് ഉന്നതിയിൽ 20 സെൻ്റ് സ്ഥലത്ത് നിർമ്മിച്ച വോളിബോൾ കോർട്ടാണ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ് വീണ്ടും ഉദ്ഘാടനം നടത്തിയത്. എതാനും ദിവസങ്ങൾക്ക് മുമ്പ് വാർഡ് മെമ്പർ പ്രഭാത് വെള്ളാപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി കോർട്ട് നാടിന് സമർപ്പിച്ചിരുന്നു. ഉദ്ഘാടന ചടങ്ങ് ബിജെപി ക്കാരനായ വാർഡ് മെമ്പർ എകപക്ഷീയമായി പ്രഖ്യാപിച്ചുവെന്നും ഭരണസമിതി അറിഞ്ഞിട്ടില്ലെന്നും ചടങ്ങിൽ പങ്കെടുക്കില്ലെന്നും ഭരണപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് പതിനാല് അംഗ ഭരണസമിതിയിലെ എൽഡിഎഫ്, കോൺഗ്രസ്സ് അംഗങ്ങൾ അന്ന് ചടങ്ങിൽ പങ്കെടുത്തില്ല. തുടർന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വീണ്ടും ഉദ്ഘാടനം നടത്തുകയായിരുന്നു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ രാജേഷ് അശോകൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എം പ്രേമവൽസൻ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷാലി ദിലീപ്, ജയശ്രീ ലാൽ, ടി വി വിബിൻ , മുൻ പ്രസിഡണ്ട് ലത സഹദേവൻ, മുൻ വൈസ് പ്രസിഡൻ്റ് കെ വി സുകുമാരൻ, അസി. സെക്രട്ടറി സീന തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ ടീമുകൾ തമ്മിലുള്ള സൗഹാർദ്ദ മൽസരവും നടന്നു.

Please follow and like us: