തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി; ഇരിങ്ങാലക്കുട മണ്ഡലത്തിൽ 30 റോഡുകൾക്കായി ചിലവഴിക്കുന്നത് 8.39 കോടി രൂപ

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി; ഇരിങ്ങാലക്കുട മണ്ഡലത്തിൽ 30 റോഡുകൾക്കായി ചിലവഴിക്കുന്നത് 8.39 കോടി രൂപ

ഇരിങ്ങാലക്കുട :സംസ്ഥാന സർക്കാരിന്റെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട മണ്ഡലത്തിൽ 30 റോഡുകളുടെ നവീകരണത്തിനായി 8.39 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. മുരിയാട് ആരംഭ നഗർ പരിസരത്ത് നടന്ന മുരിയാട് പഞ്ചായത്തിലെ രണ്ട് റോഡുകളുടെ നവീകരണ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുരിയാട് ഗ്രാമപഞ്ചായത്തിലെ മൂന്ന് റോഡുകളാണ് നവീകരണത്തിന് ഒരുങ്ങുന്നത്. അതിലെ രണ്ട് റോഡുകളായ മുരിയാട് മഠം കപ്പേള ആരംഭ നഗർ റോഡ്, കറളിപ്പാടം താര മഹിളാ സമാജം റോഡ് എന്നീ റോഡുകളുടെ നവീകരണ നിർമ്മാണോദ്ഘാടനമാണ് നടന്നത്. മുരിയാട് മഠം കപ്പേള ആരംഭ നഗർ റോഡിന് 20 ലക്ഷം രൂപയും കറളിപ്പാടം താര മഹിളാ സമാജം റോഡിന് 22 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ മുഖ്യാതിഥിയായി. മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ യു വിജയൻ, പഞ്ചായത്ത് അംഗങ്ങളായ എ.എസ് സുനിൽകുമാർ, മണി സജയൻ, മുരിയാട് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് അഡ്വ. കെ എ മനോഹരൻ എന്നിവർ പങ്കെടുത്തു.

Please follow and like us: