ആർബിഐയുടെ നടപടി; ബിജെപി യുടെ രാഷ്ട്രീയ അജണ്ടയെന്നും ബിജെപി ദേശീയ നേതാക്കൾ സമീപിച്ചിരുന്നുവെന്നും ഭരണസമിതി ചെയർമാൻ ആയിരുന്ന എം പി ജാക്സൻ

ഐടിയു ബാങ്ക് ഭരണസമിതിയെ അസാധുവാക്കിയ റിസർവ് ബാങ്ക് നടപടിക്ക് പിന്നിൽ ബിജെപി യുടെ അജണ്ട ആകാമെന്നും ബിജെപി യുടെ ദേശീയ നേതാക്കൾ സമീപിച്ചിരുന്നതായും ദീർഘകാലം ബാങ്കിനെ നയിച്ച മുൻ കെപിസിസി സെക്രട്ടറി എം പി ജാക്സൻ; ആർബിഐ നടപടിയെ നിയമപരമായി ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ബാങ്കിലെ പ്രതിസന്ധി കോൺഗ്രസ്സ് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടില്ലെന്നും വിശദീകരണം.

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഭരണസമിതിയെ ഒരു വർഷത്തേക്ക് അസാധുവാക്കിയ റിസർവ് ബാങ്ക് നടപടിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാകാമെന്ന് ബാങ്ക് ഭരണസമിതി ചെയർമാനായിരുന്ന എം പി ജാക്സൻ. നടപടിക്ക് പുറകിൽ ബിജെപി യുടെ അജണ്ട ഉണ്ടാകാൻ സാധ്യതയുണ്ട്. ബാങ്കിൽ ആർബിഐ നടപടി വന്ന ഘട്ടത്തിൽ ബിജെപി യുടെ ദേശീയ നേതാക്കൾ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും താൻ താൽപ്പര്യം പ്രകടിപ്പിച്ചില്ലെന്നും ദീർഘകാലം ബാങ്കിനെ നയിച്ച മുൻ കെപിസിസി സെക്രട്ടറി കൂടിയായ എം പി ജാക്സൻ വെളിപ്പെടുത്തി. നിക്ഷേപ ഇൻഷുറൻസ് സ്കീം പ്രകാരം അഞ്ച് ലക്ഷം രൂപ വരെ നൽകാനുള്ള നടപടികൾ പുരോഗമിച്ച് വരികയായിരുന്നു. അത്രയും നിക്ഷേപം കൊടുത്ത് കഴിഞ്ഞാൽ ബാങ്ക് കംഫർട്ട് സോണിൽ ആകും. അപേക്ഷ നൽകിയ 15000 ൽ അധികം പേർക്ക് അഞ്ച് ലക്ഷം വച്ച് വിതരണം ചെയ്യുന്നത് സംബന്ധിച്ച് ജീവനക്കാർക്ക് പരിശീലനം നൽകാനുള്ള നടപടികൾ സ്വീകരിച്ച് വരികയായിരുന്നു. നവംബർ ഒന്ന് മുതൽ സുഗമമായി പ്രവർത്തിക്കാനുള്ള ഒരുക്കത്തിലായിരുന്നു. 365 കോടി രൂപയുടെ നിഷ്ക്രിയ ആസ്തികൾ വിറ്റഴിക്കാനുള്ള നടപടികൾ സ്വീകരിക്കരുതെന്നാണ് ആർബിഐ ആദ്യ ഘട്ടത്തിൽ പറഞ്ഞത്. വിറ്റഴിക്കാൻ തടസമില്ലെന്ന ഉത്തരവ് സെപ്റ്റംബറിലാണ് ഇറക്കിയത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പച്ചക്കറി പോലെ ഇത്രയും കോടി രൂപയുടെ ആസ്തികൾ വിറ്റഴിക്കാൻ സാധിക്കില്ല. ആർബിഐ യുടെ എകപക്ഷീയ നടപടികളെ നിയമപരമായി ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.

ബാങ്കിൽ ഉച്ചയ്ക്ക് 12.30 ന് എത്തി രണ്ട് മണി വരെ പ്രവർത്തിക്കുന്ന പാർട്ട് ടൈം ചെയർമാൻ മാത്രമായിരുന്നു. മുഴുവൻ പ്രവർത്തന സ്വാതന്ത്ര്യവും ബാങ്കിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും നൽകിയിട്ടുണ്ട്. ബാങ്കിന് ഇപ്പോൾ നേരിട്ടുള്ള തിരിച്ചടിക്ക് ഉദ്യോഗസ്ഥരുടെ ചെറിയ വീഴ്ചകളും കാരണമായിട്ടുണ്ടാകാം. ലോൺ വാല്യുവേഷൻ അടക്കമുള്ള കാര്യങ്ങൾ വിരമിച്ച ഉദ്യോഗസ്ഥരുടെ ടീമാണ് തീരുമാനിക്കുന്നത്. ഭരണസമിതിക്ക് ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ല. സുതാര്യമായും നീതിപൂർവമായിട്ടുമാണ് ചെയർമാൻ എന്ന നിലയിൽ 35 കൊല്ലം പ്രവർത്തിച്ചത്. ഒരു അഭിപ്രായവ്യത്യാസവും ഉണ്ടായിട്ടില്ല. സാമ്പത്തിക ക്രമക്കേട് നടത്തി എന്ന് ആരും പറഞ്ഞിട്ടില്ല. ഒരു പരാതിയും പാർട്ടി വേദികളിലും ലഭിച്ചിട്ടില്ല. ബാങ്കിൻ്റെ ഇപ്പോഴത്തെ പ്രതിസന്ധി കൊണ്ട് പാർട്ടിക്ക് ഒരു ക്ഷീണവും ഉണ്ടായിട്ടില്ല. എരിയ കമ്മിറ്റിയിലും ലോക്കൽ കമ്മിറ്റിയിലും ബാങ്ക് പ്രവർത്തനം സംബന്ധിച്ച് സിപിഎം തീരുമാനം എടുക്കുന്നത് പോലെ ഐടിയു ബാങ്കിൻ്റെ ഒരു കാര്യവും പാർട്ടി വേദികളിൽ തീരുമാനിച്ചിട്ടില്ല. ഒരു നിമിത്തം പോലെ വന്ന് ചേർന്നതാണ് ബാങ്ക് ചെയർമാൻ പദവിയും നഗരസഭ ചെയർമാൻ പദവി അടക്കമുള്ളവയെന്നും കച്ചവടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കിൽ കൂടുതൽ ഭൗതിക നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുമായിരുന്നുവെന്നും എം പി ജാക്സൻ പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് , മണ്ഡലം പ്രസിഡൻ്റ് അബ്ദുൽ ഹഖ്, ബാങ്ക് ഭരണസമിതി വൈസ് ചെയർമാൻ പ്രൊ ഇ ജെ വിൻസെൻ്റ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: