നിക്ഷേപിച്ച പണം തിരിച്ച് കിട്ടിയില്ല; കരുവന്നൂർ ബാങ്കിൻ്റെ ശാഖയിൽ പെട്രോൾ ഒഴിച്ച് വയോധികൻ്റെ പ്രതിഷേധം

നിക്ഷേപിച്ച പണം തിരിച്ച് കിട്ടിയില്ല; കരുവന്നൂർ ബാങ്കിൻ്റെ ശാഖയിൽ പെട്രോൾ ഒഴിച്ച് വയോധികൻ്റെ പ്രതിഷേധം; പോലീസിൽ പരാതിയുമായി ബാങ്ക് അധികൃതർ

 

ഇരിങ്ങാലക്കുട : നിക്ഷേപ തുക തിരിച്ച് കിട്ടാത്തതിൽ കരുവന്നൂർ ബാങ്കിൻ്റെ പൊറത്തിശ്ശേരി ശാഖയിൽ പെട്രോൾ ഒഴിച്ച് വയോധികൻ്റെ പ്രതിഷേധം. രാവിലെ പത്തരയോടെയായിരുന്നു സംഭവം. പൊറത്തിശ്ശേരി കലാസമിതിക്ക് അടുത്ത് കൂത്തു പാലയ്ക്കൽ സുരേഷാണ് (70) പെട്രോൾ ഒഴിച്ചത്. നിക്ഷേപം തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ബാങ്കിൽ നേരത്തെ അപേക്ഷ നൽകിയിരുന്നു. അപേക്ഷ പാസ്സായിട്ടില്ലെന്ന മറുപടി ബാങ്ക് ജീവനക്കാരിൽ നിന്നും ലഭിച്ചപ്പോൾ പ്രകോപിതനായ സുരേഷ് പെട്രോളുമായി തിരിച്ച് എത്തി ബാങ്കിൻ്റെ മേശമേൽ ഒഴിക്കുകയായിരുന്നുവെന്ന് പറയുന്നു. രണ്ട് വനിതാ ജീവനക്കാർ മാത്രമാണ് ബാങ്കിൽ ഉണ്ടായിരുന്നത്. ബാങ്കിൽ അക്രമം നടത്തുകയും ജീവനക്കാരുടെ ജീവന് ഭീഷണി ഉയർത്തുകയും ബാങ്കിലെ രേഖകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്ത ആൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബാങ്ക് മാനേജർ ഷെർലി വി കെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ബാങ്കിൻ്റെ സേവിങ്സ് അക്കൗണ്ടിൽ നിന്നും 82500 രൂപ തിരികെ നൽകിയിട്ടുണ്ടെന്നും 8698 രൂപയാണ് ബാക്കി ഉള്ളതെന്നും വായ്പകളിൽ അടവ് വരുന്ന മുറയ്ക്ക് അടുത്ത ദിവസം തന്നെ തുക നൽകാനിരിക്കെയാണ് ബാങ്കിൽ അക്രമണം നടത്തിയിരിക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ആർ എൽ ശ്രീലാൽ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

Please follow and like us: