സേവാഭാരതിയുടെ ക്യാൻസർ മുക്ത നഗരസഭ പദ്ധതിക്ക് തുടക്കമായി; റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കേരളത്തിൽ സജീവമല്ലെന്ന് വിമർശിച്ച് കേരള ഗവർണർ

സേവാഭാരതി ഇരിങ്ങാലക്കുടയുടെ “ക്യാൻസർ മുക്ത നഗരസഭ ” പദ്ധതിക്ക് തുടക്കമായി; റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കേരളത്തിൽ കാര്യക്ഷമമായി നടക്കുന്നില്ലെന്ന വിമർശനവുമായി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ

 

ഇരിങ്ങാലക്കുട : ആഗോളതലത്തിൽ പ്രവർത്തിക്കുന്ന റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കേരളത്തിൽ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ . സേവാഭാരതി ഇരിങ്ങാലക്കുടയുടെ “ക്യാൻസർ മുക്ത നഗരസഭ ” പദ്ധതിയുടെ ഉദ്ഘാടനവും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി ലഭിച്ച ആംബുലൻസ് അടക്കമുള്ള വാഹനങ്ങളുടെ സമർപ്പണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗവർണർ ചെയർമാനായുള്ള സംഘടനയാണിത്. ബിഹാറിൽ ഗവർണർ ആയിരുന്നപ്പോൾ റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്ഷയരോഗത്തിനും സെർവിക്കൽ ക്യാൻസറുമായി ബന്ധപ്പെട്ട ക്യാമ്പുകൾ സജീവമായി സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നു. മനുഷ്യ സമൂഹത്തിൻ്റെ സേവനമാണ് നൂറ് വർഷം പിന്നിടുന്ന ആർ എസ് എസിൻ്റെ ലക്ഷ്യം. എന്നാൽ നൂറാം വാർഷിക ആഘോഷങ്ങളിൽ അഭിരമിക്കാൻ ആർഎസ്എസ് താൽപ്പര്യപ്പെടുന്നില്ല. ജനസമൂഹത്തിനായി ഇനിയും ഒട്ടേറെ ചെയ്യാനുണ്ടെന്ന തോന്നലും വേദനയുമാണ് ആർ എസ് എസ് പ്രവർത്തകർക്കുള്ളത്. ദേശീയ സേവാഭാരതിയുടെ പ്രവർത്തനങ്ങളിലൂടെ ഇതിനുള്ള പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ക്യാൻസർ രോഗികളുടെ തലസ്ഥാനമായി ഇന്ത്യ മാറാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. ആരംഭ ഘട്ടത്തിൽ ഉള്ള പരിശോധനകളിലൂടെയുള്ള രോഗ നിർണ്ണയം മാത്രമാണ് ഇതിനുള്ള പ്രതിവിധി എന്നത് തീർച്ചയാണ്. ഇരിങ്ങാലക്കുട സേവാഭാരതിയുടെ എത് പ്രവർത്തനത്തിനും രാജ്ഭവൻ കൂടെ ഉണ്ടാകുമെന്ന് ഗവർണർ ഉറപ്പ് നൽകി.

ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ സേവാഭാരതി ഇരിങ്ങാലക്കുട പ്രസിഡണ്ട് നളിൻ ബാബു എസ് മേനോൻ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ആർ സി സി യിലെ ഡോക്ടർ ആർ രാജീവ്, ആറായിരത്തോളം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച ലയൺസ് ക്ലബ് അംഗം ജോൺസൻ കോലങ്കണ്ണി , താലൂക്ക് ആശുപത്രിയിൽ പതിനെട്ട് വർഷങ്ങളായി സേവാഭാരതി നടത്തുന്ന അന്നദാനത്തിന് നേത്യത്വം നൽകുന്ന അവിട്ടത്തൂർ സ്വദേശി രാമൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, ആർ എസ് എസ് ഉത്തരപ്രാന്തകാര്യവാഹ് പി എൻ ഈശ്വരൻ , സേവാഭാരതി ജില്ലാ പ്രസിഡണ്ട് റിട്ട എസ് പി പി എൻ ഉണ്ണിരാജ, ജോൺസൻ കോലങ്കണ്ണി, ഡോ ആർ രാജീവ് എന്നിവർ സംസാരിച്ചു. സേവാഭാരതി സെക്രട്ടറി വി സായ്റാം സ്വാഗതവും ട്രഷറർ ഐ രവീന്ദ്രൻ നന്ദിയും പറഞ്ഞു.


 

Please follow and like us: