പൂമംഗലം ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ 27 ന്
ഇരിങ്ങാലക്കുട : പൂമംഗലം ഗ്രാമപഞ്ചായത്തിൻ്റെ പുതിയ ആസ്ഥാനമന്ദിരത്തിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ 27 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ്, വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്ന് ഘട്ടങ്ങളിലായി അനുവദിച്ച 1.49 കോടി രൂപ ഉപയോഗിച്ച് പാക്കിംഗ് സൗകര്യത്തോടെ 5605 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് തമ്പി പത്ര സമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൻ്റെ മുന്നോടിയായി 2.30 ന് അരിപ്പാലം സെൻ്ററിൽ നിന്നും താളമേളാഘോഷങ്ങളോടെ ഘോഷയാത്രയും സമ്മേളാനന്തരം രാത്രി 8 ന് ഫോക്ക് ബാൻ്റും ഉണ്ടായിരിക്കും. വൈസ് പ്രസിഡൻ്റ് കവിത സുരേഷ്, പഞ്ചായത്ത് മെമ്പർ അഡ്വ ജോസ് മൂഞ്ഞേലി, സെക്രട്ടറി പി ജയ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ഡോ മാത്യു പോൾ ഊക്കൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.















