ആനന്ദപുരത്തെ ആൽമരമുത്തശ്ശിക്ക് പുതുജീവൻ നൽകാനുള്ള ശ്രമങ്ങൾ പൂർത്തിയായി; ചികിൽസ വ്യക്ഷായുർവേദ പ്രകാരം.
ഇരിങ്ങാലക്കുട : ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രദക്ഷിണ വഴികളിൽ തണലായി നിന്നിരുന്ന ആൽമരമുത്തശ്ശിക്ക് ജീവൻ നൽകാൻ ക്ഷേത്ര സമിതിയും ” ട്രീ ഡോക്ടർ ” കെ ബിനുവും . ഒട്ടേറെ ജീവജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയായിരുന്ന ആൽമരത്തിൻ്റെ കേടുപാടുകൾ വ്യക്ഷായുർവേദം പ്രകാരം തീർക്കാനുള്ള ചികിൽസ 200 ഓളം വൃക്ഷങ്ങളെ ചികിൽസിച്ചിട്ടുള്ള കോട്ടയം വാഴൂർ യുപി സ്കൂളിലെ അധ്യാപകനായ കെ ബിനുവിൻ്റെ നേതൃത്വത്തിൽ രാവിലെ പത്ത് മണി മുതൽ വൈകീട്ട് 5 മണിയോടെയാണ് പൂർത്തിയാക്കിയത്. ആൽമര ചുവട്ടിലെ മണ്ണ്, വയൽ മണ്ണ്, ചിതൽമണ്ണ് എന്നിങ്ങനെ മൂന്ന് തരം മണ്ണ്, പാൽ, തേൻ, നെയ്യ്, പഴം തുടങ്ങി നിരവധി പ്രകൃതിദത്തമായ വസ്തുക്കൾ ചേർന്ന് 12 ഓളം ഘട്ടങ്ങളിലായി വിവിധ മരുന്ന് കൂട്ടുകൾ തയ്യാറാക്കിയാണ് ചികിൽസ പൂർത്തിയാക്കിയത്. ആറ് മാസം കൊണ്ട് പുരാതന വ്യക്ഷം നാശാവസ്ഥ
മറി കടക്കുമെന്ന് ബിനുമാസ്റ്റർ പറഞ്ഞു. രണ്ടര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് വ്യക്ഷ ചികിൽസ പൂർത്തിയാക്കിയത്. ക്ഷേത്ര സമിതി പ്രസിഡണ്ട് വിജയൻ മണാളത്ത്, സെക്രട്ടറി രമേശ് കാനാട്ട് , ട്രഷറർ രവീന്ദ്രൻ മണാളത്ത് എന്നിവർ നേതൃത്വം നൽകി.















