” ബാങ്കിലെ കാശ് എന്ന് കിട്ടുമെന്ന് മാത്രമാണ് ചോദിച്ചുതെന്നും തൻ്റെ വാക്കുകൾക്ക് ഒരു വിലയും കിട്ടിയില്ലെന്നും ചെയ്ത വോട്ട് പാഴായിയെന്നും കലുങ്ക് സദസ്സിൽ കേന്ദ്രമന്ത്രിയുടെ പരിഹാസത്തിന് ഇരയായ പൊറത്തിശ്ശേരി നിർമ്മിതി കോളനി സ്വദേശിനി ആനന്ദവല്ലി ; സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച് കരുവന്നൂർ ബാങ്കിൽ രാവിലെ അപേക്ഷ നൽകിയെന്നും ആനന്ദവല്ലി .
ഇരിങ്ങാലക്കുട : ” മൈതാനത്തിന് അടുത്ത് ഒരു വീട്ടിൽ പട്ടിക്ക് തീറ്റ കൊടുക്കാൻ പോയതാണ്. അപ്പോഴാണ് പരിപാടി നടക്കുന്നത് അറിഞ്ഞത്. ബാങ്കിലെ കാശ് എന്ന് കിട്ടുമെന്ന് മാത്രമാണ് ചോദിച്ചത്. വീട്ടുപണികൾക്ക് പോയി സ്വരൂപിച്ച പൈസയാണ് . പക്ഷേ മറുപടി ഒന്നും പറയാതെ ഇഡിയുടെ അടുത്ത് പോ, മന്ത്രിയുടെ അടുത്ത് പോ എന്നാണ് പറഞ്ഞത്. തൻ്റെ വാക്കുകൾക്ക് ഒരു വിലയും കിട്ടയില്ല. നല്ല ഒരു വാക്ക് എന്ന പ്രതീക്ഷ ഉണ്ടായിരുന്നു ” – പറയുന്നത് പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനിയിൽ നടന്ന കലുങ്ക് സദസ്സിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരിഹാസത്തിന് ഇരയായ പൊറത്തിശ്ശേരി നിർമ്മിതി കോളനിയിൽ താമസിക്കുന്ന കുറ്റിപ്പുറത്ത് വീട്ടിൽ ഷാജിയുടെ ഭാര്യ 59 വയസ്സുള്ള ആനന്ദവല്ലി . ” ഇലക്ഷൻ കാലത്ത് ബാങ്കിലെ പൈസ എല്ലാർക്കും വാങ്ങിച്ച് തരാമെന്നാണ് അങ്ങേര് പറഞ്ഞത്. വാക്കുകൾ വിശ്വസിച്ച് വോട്ടും ചെയ്തു. വീട്ടിലെ മൂന്ന് വോട്ടും സുരേഷ് ഗോപിക്കായിരുന്നു. ചെയ്ത വോട്ട് വെറുതെയായി. സാധാരണ പാർട്ടിക്കാരുടെ അടുത്ത് ചോദിച്ചിട്ട് കാര്യമില്ല. പൈസ ബാങ്കിൽ ഇല്ലെന്നേ പറയൂ. അത് കൊണ്ടാണ് സുരേഷ് ഗോപിയോട് ചോദിച്ചത്. കരുവന്നൂർ ബാങ്കിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം രൂപ കിട്ടാനുണ്ട്. മരുന്നിനും ചികിൽസയ്ക്കുമായി മാസം 2000 രൂപ ചിലവുണ്ട്. പൈസ കിട്ടിയാൽ സഹായമാകുമല്ലോ എന്നാണ് വിചാരിച്ചത്. ” – അവർ തുടർന്നു. വർഷങ്ങൾക്ക് മുമ്പ് ജീവിതമാർഗ്ഗം തേടി കുട്ടനാട്ടിൽ നിന്നും ചേക്കേറിയവരാണ് ചെത്തുകാരനായ ഭർത്താവ് ഷാജിയും ആനന്ദവല്ലിയും. വാടകയ്ക്കുള്ള ദീർഘകാലത്തെ ജീവിതത്തിന് ശേഷം കോളനിയിലെ ഒരു വീട് വാങ്ങി. കാലുകൾക്ക് ശേഷിക്കുറവ് ഉള്ളത് കൊണ്ട് ഷാജിക്ക് ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണ് . ഇരിങ്ങാലക്കുടയിൽ അഞ്ചാറ് വീടുകളിൽ പണിക്ക് പോകുന്നുണ്ട്. കുട്ടനാട്ടിൽ ഉള്ള കാലത്ത് സുരേഷ് ഗോപിയുടെ സിനിമ ഷൂട്ടിംഗ് ഒക്കെ കണ്ടിട്ടുണ്ട്. അങ്ങനെ ഒരു സ്നേഹ ബന്ധവും തോന്നിയിരുന്നു. കഴിഞ്ഞ ദിവസം പാർട്ടിക്കാർ വന്ന് തയ്യാറാക്കിയ അപേക്ഷ രാവിലെ കരുവന്നൂർ ബാങ്കിൽ കൊണ്ട് കൊടുത്തിട്ടുണ്ട്. പൈസ കിട്ടുമെന്നാണ് നാട്ടുകാർ ഇപ്പോൾ പറയുന്നതെന്നും പോരാട്ടങ്ങളിലൂടെ ജീവിതം കണ്ടെത്തിയ ആനന്ദവല്ലി പറഞ്ഞ് നിറുത്തി. ആലപ്പുഴയിൽ ക്ഷേത്ര ജീവനക്കാരനായ ശാന്തിലാൽ, ഡ്രൈവർ ആയി പ്രവർത്തിക്കുന്ന അരുൺ എന്നിവർ മക്കളാണ്.