ഹൈക്കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് പൊതുസമൂഹത്തെയും ഭക്തജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും കോടതികളും സർക്കാരും റിക്രൂട്ട്മെൻ്റ് ബോർഡും ആവശ്യപ്പെടുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ഭരണസമിതിക്ക് ഉത്തരവാദിത്വമുണ്ടെന്നും ദേവസ്വം ഭരണസമിതി; ക്ഷേത്രത്തിലെ നവരാത്രി നൃത്ത -സംഗീതോൽസവം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ .
ഇരിങ്ങാലക്കുട : ഹൈക്കോടതി വിധിയെ തെറ്റായി വ്യാഖ്യാനിക്കുകയും ദേവസ്വം കഴക നിയമനത്തിൽ തെറ്റായ തീരുമാനമെടുക്കുകയും ചെയ്തുവെന്ന് പ്രചരിപ്പിക്കുന്ന തന്ത്രിമാർക്കെതിരെ ആവശ്യമെങ്കിൽ യോഗം ചേർന്ന് തീരുമാനമെടുത്ത് പോലീസിൽ പരാതി നൽകുമെന്ന് കൂടൽമാണിക്യം ദേവസ്വം. കോടതിയും സർക്കാരും ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡും പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാനുള്ള ചുമതല ദേവസ്വത്തിനുണ്ട്. കഴകവുമായി ബന്ധപെട്ട ഒഴിവ് റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ബോർഡ് എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നാണ് നിയമനം നടത്തിയിരിക്കുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഹർജിക്കാർക്ക് അവർ ആവശ്യപ്പെട്ട കാര്യങ്ങൾ തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് ഹർജി തളളിയതെന്നും ശ്രീകൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ദേവസ്വത്തിൽ നിന്നും വിരമിച്ച ജീവനക്കാരൻ അനധികൃതമായി നടത്തി വന്നിരുന്ന മാല കെട്ടലും പണം ഈടാക്കലും നിറുത്തി വയ്പ്പിച്ചിട്ടുണ്ട്. രശീത് ഇല്ലാത്ത താമരമാല വഴിപാട് ആക്കേണ്ടതില്ലെന്ന് തന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ തന്ത്രിമാർ തന്നെ നേരത്തെ ആക്ഷേപങ്ങൾ ഉന്നയിച്ചിരുന്നുവെന്നും ഭരണസമിതി വ്യക്തമാക്കി. കഴക പ്രവൃത്തിയിൽ നിയമിതനായ അനുരാഗ് നേരത്തെ മാല കെട്ടിയിരുന്നവരെക്കാൾ ഭംഗിയായി മാല കെട്ടുന്നുണ്ടെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ജി എസ് രാജേഷും അറിയിച്ചു.
ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി നൃത്ത -സംഗീതോൽസവം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ കിഴക്കേ ഗോപുര നടയിൽ തയ്യാറാക്കിയ വേദിയിൽ നടക്കും. 22 ന് വൈകീട്ട് 6 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്യും. 11 ദിവസങ്ങളിലായി നടക്കുന്ന കലാപരിപാടികളിൽ 700 ഓളം കലാകാരൻമാർ പങ്കെടുക്കും.
ദേവസ്വം ഭരണ സമിതി അംഗങ്ങളായ രാഘവൻ മുളങ്ങാടൻ, അഡ്വ കെ ജി അജയ്കുമാർ, കെ ബിന്ദു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു















