ബസ് സ്റ്റാൻ്റ് – എകെപി ജംഗ്ഷൻ റോഡ്; ഗതാഗതത്തിന് തടസ്സമായി മാറിയ വൈദ്യുതി പോസ്റ്റുകൾ റെക്കോർഡ് വേഗത്തിൽ മാറ്റി സ്ഥാപിച്ച് കെഎസ്ഇബി അധികൃതർ.
ഇരിങ്ങാലക്കുട : നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന ബസ് സ്റ്റാൻ്റ് – എകെപി ജംഗ്ഷൻ റോഡിൽ ഗതാഗതത്തിന് തടസ്സമായി മാറിയ വൈദ്യുതി പോസ്റ്റുകൾ റെക്കോർഡ് വേഗത്തിൽ മാറ്റി സ്ഥാപിച്ച് കെഎസ്ഇബി അധികൃതർ. തകർന്ന് തരിപ്പണമായി കിടന്നിരുന്ന റോഡിൽ നഗരസഭയുടെ നേതൃത്വത്തിൽ 27. 5 ലക്ഷം രൂപ ചിലവഴിച്ച് ഇൻ്റർലോക്കിംഗ് ടൈലുകൾ വിരിക്കുന്ന പ്രവൃത്തി ഓണത്തിന് ശേഷം ആരംഭിച്ചിരുന്നു. എന്നാൽ റോഡിലേക്ക് കയറി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചില്ലെന്നും കെഎസ്ഇബി അധികൃതർ അനാസ്ഥ കാണിച്ചെന്നുമുള്ള മുറവിളി സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നിരുന്നു. പോസ്റ്റുകൾ നീക്കുന്നത് സംബന്ധിച്ച് നഗരസഭ അധികൃതരുടെ അപേക്ഷ ഞായറാഴ്ചയാണ് കെഎസ്ഇബി അധികൃതർക്ക് ലഭിച്ചത്. അടുത്ത ദിവസം തന്നെ പോസ്റ്റുകൾ നീക്കുന്നത് സംബന്ധിച്ച എസ്റ്റിമേറ്റ് തുകയായ 67000 രൂപ നഗരസഭ അധികൃതർക്ക് നൽകുകയും പണം കെഎസ്ഇബിയുടെ അക്കൗണ്ടിൽ നഗരസഭ അടയ്ക്കുകയും ചെയ്തു. പണം അടച്ചതോടെ ചൊവ്വാഴ്ച തന്നെ സബ്- എഞ്ചിനീയർ, ഓവർസീയർ എന്നിവരുടെ നേതൃത്വത്തിൽ എട്ടോളം ജീവനക്കാർ വൈകീട്ടോടെ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവ്യത്തികൾ പൂർത്തിയാക്കുകയായിരുന്നു. തടസ്സമായി നിന്നിരുന്ന രണ്ട് പോസ്റ്റുകൾ നീക്കുകയും ഇവ അടക്കം മൂന്ന് പോസ്റ്റുകൾ സ്ഥാപിച്ചതായും കെഎസ്ഇബി നമ്പർ വൺ സെക്ഷൻ അധികൃതർ അറിയിച്ചു.