കൂടൽമാണിക്യം ദേവസ്വം കഴകം ജോലിയിൽ നിയമതിനായ അനുരാഗിന് പിന്തുണയുമായി കൂടുതൽ സംഘടനകൾ ; നീതിക്ക് വേണ്ടിയുള്ള ഹൈക്കോടതിയുടെയും ദേവസ്വം ഭരണസമിതിയുടെയും ഇടപെടലുകളെ അംഗീകരിക്കാൻ എവർക്കും കഴിയണമെന്നും വിയോജിപ്പ് രേഖപ്പെടുത്തി തന്ത്രിമാർ കത്ത് നൽകിയെന്നത് ഖേദകരമെന്നും മന്ത്രി ഡോ ആർ ബിന്ദു.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ച ചേർത്തല സ്വദേശി കെ എസ് അനുരാഗിന് അഭിനന്ദങ്ങളും പിന്തുണയുമായി കൂടുതൽ സംഘടനകൾ. തൃശ്ശൂർ ഗുരുധർമ്മപ്രചരണസഭ ജില്ലാ കമ്മിറ്റി, കെപിഎംഎസ്, സേവാഭാരതി എന്നീ സംഘടനകളുടെ പ്രവർത്തകർ ക്ഷേത്രം കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ അനുരാഗിനെ അഭിനന്ദിച്ചു. കഴകം തസ്തികയിൽ ആദ്യം നിയമതിനായ ബാലു രാജി വച്ച ഘട്ടത്തിൽ തന്ത്രിമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബാലുവിനെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഗുരു ധർമ്മ പ്രചരണ സഭ ക്ഷേത്രത്തിലേക്ക് ജാതിനാശിനി യാത്ര നടത്തിയിരുന്നു. പ്രചരണ സഭ രക്ഷാധികാരി കെ യു ഗുണപാലൻ, ജില്ലാ പ്രസിഡൻ്റ് സന്തോഷ്, സെക്രട്ടറി ഗിരീഷ് ഉണ്ണികൃഷ്ണൻ, വൈസ്- പ്രസിഡണ്ട് സദാനന്ദൻ പി പി , മറ്റ് സംഘടനകളെ പ്രതിനിധീകരിച്ച് വി ബാബു, ഡോ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കഴകനിയമനത്തിൽ നീതിക്ക് വേണ്ടി ഹൈക്കോടതിയും ദേവസ്വം ഭരണസമിതിയും നടത്തിയ ഇടപെടലുകൾ അംഗീകരിക്കാൻ എവർക്കും കഴിയണമെന്നും വിയോജിപ്പ് രേഖപ്പെടുത്തി തന്ത്രിമാർ കത്ത് നൽകിയെന്നത് ഖേദകരമാണെന്നും പരമ്പരാഗത കുലത്തൊഴിലുകൾ സംബന്ധിച്ച ചാതുർവർണ്യ ആശങ്കകൾ എന്നേ കാലഹരണപെട്ടവയാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.