കഴകം ജോലിയിൽ ചേർത്തല സ്വദേശി അനുരാഗ് ; സന്തോഷമെന്നും എതിർപ്പുകൾ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും പ്രതികരണം; പിന്തുണയുമായി പൊതുസമൂഹവും

നിയമപ്പോരാട്ടങ്ങൾക്ക് ഒടുവിൽ കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ ചേർത്തല സ്വദേശി അനുരാഗ് പ്രവേശിച്ചു; നന്ദിയെന്നും എതിർപ്പുകൾ ഉയരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അനുരാഗ് ; അനുരാഗിനും കുടുംബത്തിനും പിന്തുണയുമായി പൊതുസമൂഹവും; തൽസ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കുടുംബങ്ങൾ ദേവസ്വം ഓഫീസിൽ അപേക്ഷ നൽകിയതായി സൂചന.

ഇരിങ്ങാലക്കുട : നിയമപ്പോരാട്ടങ്ങൾക്ക് ഒടുവിൽ ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ ചേർത്തല സ്വദേശി കെ എസ് അനുരാഗ് പ്രവേശിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ചേർത്തല ഉത്രാടം കളവങ്കോടം വീട്ടിൽ അനുരാഗ് ( 23 ) പിതാവ് സുനീഷ് , മാതാവ് ഷീബ, സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ അമൽ സി രാജൻ എന്നിവരോടൊപ്പം ദേവസ്വം ഓഫീസിൽ അഡ്മിനിസ്ട്രേറ്റർ ജി എസ് രാധേഷിന് മുമ്പാകെ നിയമന ഉത്തരവും അനുബന്ധരേഖകളുമായി എത്തിയത്. കഴകം തസ്തികയിലേക്ക് റാങ്ക് ലിസ്റ്റിലെ ഒന്നാം പേരുകാരനായ തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ബാലുവിനെയാണ് ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് ആദ്യം നിയമിച്ചതെങ്കിലും എതാനും ദിവസങ്ങൾക്ക് ശേഷം ബാലു ജോലി രാജിവച്ച് ഒഴിയുകയായിരുന്നു. ക്ഷേത്രം തന്ത്രിമാരുടെ നിസ്സഹകരണവും ജാതി വിവേചനവുമാണ് രാജിക്ക് കാരണമായതെന്ന് ആരോപണങ്ങളും ഉയർന്നിരുന്നു. തുടർന്നാണ് റാങ്ക് ലിസ്റ്റിൽ നിന്നും റൊട്ടേഷൻ അടിസ്ഥാനത്തിൽ ഈഴവ സമുദായംഗമായ അനുരാഗിനെ നിയമിച്ച് കൊണ്ട് റിക്രൂട്ട്മെൻ്റ് ബോർഡ് അഡ്വൈസ് മെമ്മോ നൽകിയത്. ഇതിനിടയിൽ കഴകം നിയമനം പാരമ്പര്യാവകാശമാണെന്ന് പറഞ്ഞ് കൊണ്ട് തെക്കേ വാരിയത്ത് ഹരി അടക്കമുള്ളവർ കോടതിയിൽ ഹർജികൾ നൽകിയിരുന്നു. സെപ്റ്റംബർ 12 ന് ഹൈക്കോടതി ഹർജികൾ തള്ളിയതോടെയാണ് അനുരാഗിൻ്റെ നിയമനത്തിനുള്ള വഴി തെളിഞ്ഞത്. അടുത്ത ദിവസം തന്നെ നിയമന ഉത്തരവ് കൂടൽമാണിക്യം ദേവസ്വം അധികൃതർ അയച്ച് നൽകുകയും ചെയ്തു. ജോലി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും തനിക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഡ്വ രഞ്ജിത്ത് തമ്പാൻ, മുൻകൈ എടുത്ത അമൽ സി രാജൻ അടക്കമുള്ള മുഴുവൻ പേർക്കും നന്ദിയുണ്ടെന്നും എതിർപ്പുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് അനുരാഗും എതിർപ്പുകൾ ഉയർന്നാൽ എല്ലാവരുമായി ആലോചിച്ച് മാത്രമേ തീരുമാനം എടുക്കുകയുള്ളൂവെന്നും പിതാവ് സുനീഷും മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നിയമനം സംബന്ധിച്ച വിജ്ഞാപനവും റാങ്ക് ലിസ്റ്റും അഡ്വൈസ് മെമ്മോയും റദ്ദാക്കണമെന്ന ഹർജിക്കാരുടെ ആവശ്യങ്ങൾ കോടതി അംഗീകരിച്ചില്ലെന്നും അമൽ സി രാജനും പറഞ്ഞു. അനുരാഗിനും കുടുംബത്തിനും പിന്തുണയുമായി സിപിഐ, ദ്രാവിഡ വിചാരകേന്ദ്രം, കെപിഎംഎസ്, പികെഎസ് , ഇരിങ്ങാലക്കുട കൂട്ടായ്മ, എസ്എൻഡിപി, ബിഡിജെഎസ് നേതാക്കളും പ്രവർത്തകരും ദേവസ്വം ഓഫീസിൽ എത്തിയിരുന്നു. അതേ സമയം വിഷയത്തിൽ സിവിൽ കോടതിയിൽ തീരുമാനമാകുന്നത് വരെ തൽസ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കുടുംബാംഗങ്ങൾ ദേവസ്വം അധികൃതർക്ക് അപേക്ഷ നൽകിയതായി സൂചനയുണ്ട്.

Please follow and like us: