കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം; കെ എസ് അനുരാഗിന് നിയമന ഉത്തരവ് നൽകാൻ ദേവസ്വം ഭരണ സമിതി യോഗത്തിൽ തീരുമാനം

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം; ഹൈക്കോടതി വിധിയോടെ നിയമന തടസ്സങ്ങൾ നീങ്ങിയെന്നും ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നിയമിച്ച ചേർത്തല സ്വദേശി കെ എസ് അനുരാഗിന് രണ്ട് ദിവസത്തിനുള്ളിൽ നിയമന ഉത്തരവ് നൽകുമെന്നും കൂടൽമാണിക്യം ദേവസ്വം ഭരണസമിതി

 

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ ചേർത്തല സ്വദേശി കെ എസ് അനുരാഗിനെ നിയമിക്കാൻ ദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനം. കഴകം തസ്തികയിലേക്ക് റാങ്ക് പട്ടികയിൽ നിന്നും ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നടത്തിയ നിയമനത്തെ ചോദ്യം ചെയ്ത് ഇരിങ്ങാലക്കുട തെക്കേ വാരിയത്ത് ടി വി ഹരികൃഷ്ണൻ അടക്കമുള്ളവർ നൽകിയ ഹർജികളാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്. ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ നിയമനം നടത്താൻ ഭരണസമിതി തീരുമാനിച്ചതായും ഹർജിക്കാർക്ക് ആവശ്യപ്പെട്ട കാര്യങ്ങൾ കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ കെ എസ് അനുരാഗിന് നിയമന ഉത്തരവ് പോസ്റ്റൽ ആയി അയച്ച് നൽകുമെന്നും ചെയർമാൻ വ്യക്തമാക്കി. ഭരണസമിതി അംഗങ്ങളായ ഡോ മുരളി ഹരിതം , രാഘവൻ മുളങ്ങാടൻ, അഡ്വ കെ ജി അജയകുമാർ, വി സി പ്രഭാകരൻ, കെ ബിന്ദു, അഡ്മിനിസ്ട്രേറ്റർ ജി എസ് രാധേഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Please follow and like us: