തൃശ്ശൂർ റൂറൽ പോലീസിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 6 കോടി 16 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി

തൃശ്ശൂർ റൂറൽ പോലീസിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 6.16 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി; ഠാണാ ജംഗ്ഷനിൽ കെട്ടിടം നിർമ്മിക്കാൻ 5 കോടി 68 ലക്ഷം രൂപ .

 

ഇരിങ്ങാലക്കുട : സ്റ്റേറ്റ് പ്ലാൻ സ്കീം 2025–26 പ്രകാരം തൃശ്ശൂർ റൂറൽ പോലീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ₹6,16,00,000/- (ആറ് കോടി പതിനാറ് ലക്ഷം രൂപ) യുടെ പദ്ധതിക്ക് ഭരണാനുമതി നൽകി. നഗരമധ്യത്തിലെ ഠാണ ജംഗ്ഷനിൽ പുതിയ കെട്ടിടം നിർമ്മിച്ച് തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ, അടിയന്തര പ്രതികരണ സംവിധാനം പ്രവർത്തിക്കുന്ന കൺട്രോൾ റൂം എന്നിവ മാറ്റി സ്ഥാപിക്കുന്നതിന് ₹5,68,00,000/- (അഞ്ച് കോടി അറുപത്തിയെട്ട് ലക്ഷം രൂപ)യും, പകുതിയോളം പൂർത്തിയായ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് ₹48,00,000/- (നാല്പത്തിയെട്ട് ലക്ഷം രൂപ)യുമാണ് അനുവദിച്ചിരിക്കുന്നത്.

അടിയന്തര പ്രതികരണ സംവിധാനം 112 ഹെൽപ്പ് ലൈൻ നമ്പർ മുഖേന പൊതുജനങ്ങൾക്ക് പോലീസ്, ഫയർ ഫോഴ്സ്, ആംബുലൻസ് തുടങ്ങിയ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി രൂപീകരിച്ചതാണ്. നിലവിൽ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലാണ് ഈ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിനായി ഠാണ ജംഗ്ഷനിൽ ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളോടുകൂടിയ സൈബർ പോലീസ് സ്റ്റേഷനും നിർമിക്കും. ഓൺലൈൻ തട്ടിപ്പുകൾ, ഫിഷിംഗ്, ഹാക്കിംഗ് തുടങ്ങിയ കേസുകൾ നിരീക്ഷിച്ച് തടയുന്നതിനുള്ള ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനങ്ങളും, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ഡെസ്കും, വിദഗ്ധരുടെ നേതൃത്വത്തിലുള്ള സാങ്കേതിക സഹായ സംവിധാനങ്ങളും ഇവിടെ ഒരുക്കുമെന്ന് റൂറൽ എസ്പി ബി കൃഷ്ണകുമാർ ഐപിഎസ് അറിയിച്ചു.

Please follow and like us: