പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ ഇരിങ്ങാലക്കുടയിൽ ” പാലരുവി ” ; വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മൽസരിച്ചുള്ള സ്വീകരണം; ആദ്യദിനത്തിൽ എത്തിയത് ഒരു മണിക്കൂറോളം വൈകി
ഇരിങ്ങാലക്കുട : ദീർഘകാലത്തെ പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച തൂത്തുകുടി – പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിനിന് സ്റ്റേഷനിൽ ഹൃദ്യമായ സ്വീകരണം. രാവിലെ 9.38 ന് എത്തേണ്ട ട്രെയിൻ ഒരു മണിക്കൂറോളം വൈകിയാണ് എത്തിയതെങ്കിലും യാത്രക്കാരുടെയും വിവിധ സംഘടനകളുടെയും ആവേശത്തിന് കുറവുണ്ടായിരുന്നില്ല. ലോക്കോ പൈലറ്റ് എൻ ടി രാജേഷ്, അസി. ലോക്കോ പൈലറ്റ് ദേസ് രാജ് മീന എന്നിവരെ പൂച്ചെണ്ടുകൾ നൽകിയും ഹാരമണിയിച്ചും മധുരം നൽകിയുമായിരുന്നു സ്വീകരണം. സ്റ്റേഷൻ മാസ്റ്റർമാരായ ഇ ഡി രാജേഷ്, അൻസ തോമസ് എന്നിവർ ഔദ്യോഗികമായും റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷന് വേണ്ടി പ്രസിഡൻ്റ് ഷാജു ജോസഫ്, സെക്രട്ടറി പി സി ജോഷ്വ എന്നിവരുടെ നേതൃത്വത്തിലും റെയിൽവേ വികസന സമിതിക്ക് വേണ്ടി വർക്കിംഗ് പ്രസിഡണ്ട് കെ എഫ് ജോസ്, വൈസ്- പ്രസിഡണ്ട് സോമൻ ശാരദാലയം എന്നിവരുടെ നേതൃത്വത്തിലും സ്വീകരിച്ചു. ട്രെയിൻ അനുവദിക്കാൻ നടപടികൾ സ്വീകരിച്ച കേന്ദ്രമന്ത്രിയും എംപി യുമായ സുരേഷ് ഗോപിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് ബിജെപി മണ്ഡലം ജന. സെക്രട്ടറി വിപിൻ പാറേമക്കാട്ടിലിൻ്റെ നേതൃത്വത്തിൽ പ്രവർത്തകരും എത്തിയിരുന്നു. ജില്ലയിലെ രണ്ടാമത്തെ പ്രധാന സ്റ്റേഷനായി ഇരിങ്ങാലക്കുട സ്റ്റേഷനെ ഉയർത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയപ്പോൾ ട്രെയിൻ അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാൽ മുഴുവൻ ആവശ്യങ്ങളും നേടിയെടുക്കുന്നത് വരെ സമരം തുടരുമെന്നും റെയിൽവേ വികസന സമിതിയും അറിയിച്ചു. സ്റ്റേഷനെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം സജീവ പരിഗണനയിൽ ഉണ്ടെന്നും മറ്റൊരു ട്രെയിന് കൂടി ഉടൻ സ്റ്റോപ്പ് അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ബിജെപി പ്രവർത്തകരും ചൂണ്ടിക്കാട്ടി. രാവിലെ 9.38 ന് വടക്കോട്ടും വൈകീട്ട് 5.32 ന് തെക്കോട്ടുമായി ഒരു മിനിറ്റ് വീതമാണ് പാലരുവി എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് സ്വദേശികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ട്രെയിൻ അനുഗ്രഹമാകുമെന്നും വരുമാനം പ്രശ്നമാകില്ലെന്നുമാണ് അധികൃതർ നൽകുന്ന സൂചന















