സമൂഹത്തിന് മാതൃകയായി ഇരിങ്ങാലക്കുടയിലെ കുടുംബശ്രീ

സമൂഹത്തിന് മാതൃകയായി ഇരിങ്ങാലക്കുടയിലെ ഒരു കുടുംബശ്രീ ; വാർഷികാഘോഷങ്ങൾ ഒഴിവാക്കി ലാഭവിഹിതം ചിലവഴിച്ചത് സാമൂഹ്യ പ്രവർത്തനങ്ങൾക്ക്

ഇരിങ്ങാലക്കുട :കഴിഞ്ഞ പത്ത് വർഷത്തെ ലാഭവിഹിതം ഉപയോഗിച്ച് നടത്താനിരുന്ന വാർഷികാഘോഷങ്ങൾ ഒഴിവാക്കി ആ വിഹിതം സമൂഹനന്മയ്ക്കായി ചെലവഴിച്ച് ഇരിങ്ങാലക്കുടയിലെ ഒരു കുടുംബശ്രീ. സിഡിഎസ് രണ്ടിൻ്റെ കീഴിലുള്ള പൊറത്തിശേരി വാർഡ് 34 ൽ 2015 ൽ പ്രവർത്തനമാരംഭിച്ച ഭദ്രദീപം കുടുംബശ്രീ യൂണിറ്റാണ് പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ സാമൂഹിക സന്നദ്ധപ്രവർത്തനങ്ങൾ നടത്തി സമൂഹത്തിനാകെ മാതൃകയായത്. പത്ത് വർഷത്തെ പ്രവർത്തനങ്ങളുടെ ലാഭവിഹിതമായ 62,191 രൂപയാണ് സേവന പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചത്. 2025 ജൂൺ 17-ന് ഇരിങ്ങാലക്കുടയിലെ പ്രതീക്ഷാഭവൻ സ്പെഷ്യൽ സ്കൂളിൽ 5,000 രൂപയുടെ ഭക്ഷ്യകിറ്റ് വിതരണവും ഓഗസ്റ്റ് 15-ന് മുളങ്കുന്നത്തുകാവിന് സമീപമുള്ള മുണ്ടത്തിക്കോട് താമസിക്കുന്ന ഗുരുതര കാൻസർ രോഗം ബാധിച്ച് ദുരിതമനുഭവിക്കുന്ന മാതാപിതാക്കളുടെ വിദ്യാർത്ഥികളായ രണ്ട് മക്കൾക്ക് 10,001 രൂപയുടെ വിദ്യാഭ്യാസസഹായവും നൽകി. കൂടാതെ ആഗസ്റ്റ് 25-ന് അതിരപ്പിള്ളി വനമേഖലയിലെ ഉന്നതി ട്രൈബൽ സെറ്റിൽമെൻ്റിലെ 40-ലധികം കുടുംബങ്ങൾക്ക് 16,520 രൂപയുടെ ഭക്ഷ്യസാധനങ്ങളുടെ കിറ്റും 18,700 രൂപയുടെ ഓണക്കോടി കിറ്റും കൈമാറി.

ഉന്നതി ട്രൈബൽ സെറ്റിൽമെൻ്റിൽ നടന്ന ചടങ്ങിൽ അതിരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൗമിനി മണിലാൽ, സിഡിഎസ് ചെയർപേഴ്സൺ നതാഷ വിജയൻ, വാർഡ് മെമ്പർ അഷിത രമേഷ്, കമ്മ്യൂണിറ്റി കൗൺസിലർ ആര്യ അശോകൻ, കമ്മ്യൂണിറ്റി അംബാസഡർ അനൂജ കെ പി, എസ് ടി ആനിമേറ്റർ രമ്യ.സി, ആശാവർക്കർ മഞ്ജു, ഊരു മൂപ്പൻ വി രാജൻ, ട്രൈബൽ കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവരും ഇരിങ്ങാലക്കുട സിഡിഎസ് ചെയർപേഴ്സൻ ഷൈലജ ബാലൻ, ഭാരവാഹികളായ ശാലിനി ഉണ്ണികൃഷ്ണൻ, സുനിത പ്രദീപ്, ശശികല , വാർഡ് കൗൺസിലർ വിജയകുമാരി അനിലൻ, ഭദ്രദീപം കുടുംബശ്രീ അംഗങ്ങൾ എന്നിവരും പങ്കെടുത്തു.

Please follow and like us: