ഓണ വിപണിയിൽ ഇടപെട്ട് സപ്ലൈകോ ; 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി ഓണക്കിറ്റ്; വിലക്കുറവുമായി ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു
ഇരിങ്ങാലക്കുട : ഓണ വിപണയിൽ ഇടപെട്ട് സപ്ലൈകോ . ഓണക്കാലത്ത് 13 ഇനം സബ്സിഡി ഇനങ്ങൾക്ക് പുറമേ 18 ഇനങ്ങൾ അടങ്ങിയ 1225 രൂപയുടെ സമൃദ്ധി കിറ്റ് 1000 രൂപയ്ക്കും മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും വിലക്കുറവിൽ അരിയും സപ്ലൈകോ ഉറപ്പാക്കിയിട്ടുണ്ട്. മുഴുവൻ കാർഡ് ഉടമകൾക്ക് മണ്ണെണ്ണയും ലഭിക്കും. ഇരിങ്ങാലക്കുട ഠാണാവിൽ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. ഉൽസവക്കാലങ്ങളിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പ്രത്യേകച്ചന്തകൾ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ എക സംസ്ഥാനമാണ് കേരളമെന്നും അരിയും വെളിച്ചെണ്ണയുടെയും വില നിയന്ത്രിക്കാൻ സർക്കാർ കാര്യക്ഷമമായ ഇടപെടലാണ് ഇത്തവണ നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ എ റിയാസുദ്ദീൻ, ടി കെ വർഗ്ഗീസ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ചാലക്കുടി സപ്ലൈകോ ഡിപ്പോ അസി. മാനേജർ പ്രിയ സി സുന്ദർ സ്വാഗതവും റേഷനിംഗ് ഇൻസ്പെക്ടർ ബിനോജ് വി ജി നന്ദിയും പറഞ്ഞു. ആഗസ്റ്റ് 31 മുതൽ സെപ്തംബർ 4 വരെ രാവിലെ 10 മുതൽ വൈകീട്ട് 8 മണി വരെയാണ് ഓണച്ചന്ത സംഘടിപ്പിച്ചിട്ടുള്ളത്.















