ലഹരി വിരുദ്ധ സന്ദേശവുമായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഓണാഘോഷം; സെപ്റ്റംബർ 1, 2 തീയതികളിൽ ഓണക്കളിയും നാടൻ പാട്ട് മൽസരവും സാഹിത്യ മൽസരങ്ങളും
ഇരിങ്ങാലക്കുട : ലഹരി വിരുദ്ധ സന്ദേശവുമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ 2025 ലെ ഓണാഘോഷം. സെപ്റ്റംബർ 1, 2 തീയതികളിൽ മണ്ഡലത്തിൽ ലഹരി വിരുദ്ധ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പത്ര സമ്മേളനത്തിൽ അറിയിച്ചു. ഒന്നിന് സെൻ്റ് ജോസഫ്സ് കോളേജിൽ സാഹിത്യമൽസരങ്ങൾ, രണ്ടിന് പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനിയിൽ പതിനെട്ട് ടീമുകൾ അണിനിരക്കുന്ന ഓണക്കളി മൽസരം, രണ്ടിന് ടൗൺ ഹാളിൽ നാടൻ പാട്ട് മൽസരം എന്നിവയാണ് പ്രധാന പരിപാടികൾ. ആഗസ്റ്റ് 31 ന് 0480 സംഘടനയുമായി ചേർന്ന് രാസലഹരിക്കെതിരെ വീടുകളിൽ പൂക്കളങ്ങളും തീർക്കുന്നുണ്ട്. ജനറൽ കൺവീനർ ഡോ കേസരി മേനോൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ്, ബിപിസി കെ ആർ സത്യപാലൻ , ജീവൻലാൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.